നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൂടൊരുക്കാൻ സ്കൂൾ വിട്ടുകൊടുത്ത് മാതൃകയായി; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയ്യെടുത്തുകൊണ്ട് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആശ്വാസകരമായി മലപ്പുറം ജില്ല, 7000 കുട്ടികൾ പഠിക്കുന്ന കെട്ടിട സമുച്ചയം ഇനി പ്രവാസികൾക്ക് അഭയകേന്ദ്രം

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ആശ്വാസതീരത്തേക്ക് എത്തിച്ചേരാൻ കൊതിക്കുന്ന അനവധി പ്രവാസികളിൽ ഭൂരിഭാഗവും മലയാളികൾ ആണ്. കോവിഡ്19 പശ്ചാത്തലത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുന്നവർക്ക് പുറമെ പട്ടിണിയും കൊറോണ നൽകുന്ന ഭീതിയിലും നിന്നുകൊണ്ട് നാടണയാൻ കൊതിക്കുന്ന പ്രവാസികളെ ഓർത്ത് അധികൃതരും ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ കേരളത്തിന്റെ നാഡിയും ഞരമ്പുമായ പ്രവാസികളെ നെഞ്ചോട് ചേർത്ത് പൊതുജനങ്ങളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെ അവർക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണ് നമ്മുടെ സർക്കാർ.
കോവിഡ് 19 വ്യാപനം ഭയന്നുള്ള പലായന താത്പര്യം എന്നതിനെക്കാൾ ജീവിക്കാനുള്ള സാഹചര്യം പരിതാപകരമാകുന്ന അവസ്ഥയിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈനിൽ കഴിയുവാൻ 7000 കുട്ടികൾ പഠിക്കുന്ന കെട്ടിട സമുച്ചയം നൽകി മാതൃകയായി മഞ്ചേരി ഭാസ്കരൻപിള്ള. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നേതാവും മുൻ എൻ.എസ്.എസ് ബോർഡ് മെമ്പറും അതോടൊപ്പം തന്നെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായ ഇദ്ദേഹത്തിന്റെ നിലമ്പൂരിലുള്ള വിവേകാനന്ദ പഠന കേന്ദ്രത്തിന്റെ കെട്ടിട സമുച്ചയത്തിൽ കഴിയുന്നത്ര പ്രവാസികൾക്ക് താമസ സൗകര്യങ്ങൾ ഒരുക്കുന്നതായിരിക്കും.
നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ അഭ്യർത്ഥന മാനിച്ചാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടതെന്ന് മുന്നാക്ക സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന ഡിഎസ്ജെപി നേതാവ് വ്യക്തമാക്കുകയുണ്ടായി. ഇവിടെ മലപ്പുറം മേഖല കേന്ദ്രീകരിച്ച് വിദേശത്ത് നിന്നെത്തുന്നവർക്കാണ് താമസ സൗകര്യം ഒരുക്കുക എന്നത്. ഗ്ലോബൽ നായർ സേവാ സമാജത്തിന്റെയും മലബാര് നായർ സേവാ സമാജത്തിന്റെയും രക്ഷാധികാരികൂടിയായ ഭാസ്കരൻ പിള്ളയുടെ നേതൃപാടവം തീർത്തും മാതൃകാപരമാവുകയാണ്.
ലഭ്യമാകുന്ന വിവരം അനുസരിച്ച് മലബാർ മേഖലയിൽ നിന്നുള്ള അനവധി പ്രവാസികൾ ഗൾഫ് രാഷ്ട്രങ്ങളിൽ വിവിധ ഭാഗത്തായി തൊഴിൽ ചെയ്തുവരികയാണ്. വിദേശത്തുനിന്നെത്തുന്നവരിൽ രോഗം സ്ഥിരീകരിച്ചുവരുന്ന സാഹചര്യത്തിൽ ഏറെ ആശ്വാസം പകരുന്ന അറിയിപ്പ് കൂടിയാകുകയാണ് ഇത്. ഇവിടെ പ്രവാസികൾക്ക് ഐസൊലേഷനിൽ താമസിക്കാൻവേണ്ട എല്ലാവിധ സൗകര്യങ്ങളും ആരോഗ്യവകുപ്പ് ഒരുക്കുന്നതായിരിക്കും. അതോടൊപ്പം തന്നെ പ്രവാസികൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും അദ്ദേഹം നൽകുന്നതായിരിക്കും.
https://www.facebook.com/Malayalivartha





















