പാമ്പുകടിയേറ്റ സഹോദരനെ കാണാന്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയ 3 പേര്‍ക്കെതിരെ കേസ്

മഹാരാഷ്ട്രയിലെ സത്താറ വായ് പ്രദേശത്തു ജോലി ചെയ്യുന്നയാള്‍, പാമ്പു കടിയേറ്റു ഗുരുതരാവസ്ഥയില്‍ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ കഴിയുന്ന സഹോദരനെ കാണാന്‍ മറ്റു രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എത്തി. പോട്ട (പനമ്പിള്ളി കോളജിനു സമീപം) നിവാസിയാണ് ് 1200 കിലോമീറ്റര്‍ കാറില്‍ യാത്ര ചെയ്ത് എത്തിയത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ മഹാരാഷ്ട്ര റജിസ്‌ട്രേഷന്‍ കാര്‍ ശ്രദ്ധയില്‍ പെട്ട ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷ് തടയുകയും ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു
തുടര്‍ന്ന് മൂവരെയും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.എ. ഷീജയുടെ നേതൃത്വത്തില്‍ ടൂറിസ്റ്റ് ഹോമില്‍ 14 ദിവസത്തേക്കു നിരീക്ഷണത്തിലാക്കി. ഇവര്‍ക്കു രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ടൂറിസ്റ്റ് ഹോമിനു സമീപം എത്തിച്ച കാര്‍ അണുവിമുക്തമാക്കും. ഇയാള്‍ക്കൊപ്പം എത്തിയതു പോട്ട സ്വദേശിയാണ്. മഹാരാഷ്ട്ര സ്വദേശിയാണു കാര്‍ ഓടിച്ചിരുന്നത്. 3 പേര്‍ക്കുമെതിരെ കേസ് എടുത്തതായി പൊലീസ് എസ്എച്ച്ഒ കെ.എസ്. സന്ദീപ്, എസ്‌ഐ എം.എസ്. ഷാജന്‍ എന്നിവര്‍ അറിയിച്ചു.
മഹാരാഷ്ട്ര പൊലീസില്‍ നിന്ന് മെഡിക്കല്‍ അടിയന്തര യാത്രയെന്ന പേരില്‍ പാസ് സംഘടിപ്പിച്ചാണ് ഇവര്‍ യാത്ര നടത്തിയത്. കോലാപ്പുര്‍, ഉഡുപ്പി, മംഗളൂരു വഴി യാത്ര ചെയ്താണ് ഇവര്‍ കേരളത്തിലേക്ക് വന്നത്. പല സ്ഥലങ്ങളിലും പൊലീസ് പരിശോധനയുണ്ടായെങ്കിലും പാസ് കാണിച്ചു കടന്നു. തിങ്കളാഴ്ച ഉച്ചയോടെ യാത്ര ആരംഭിച്ച ഇവര്‍ ഇന്നലെ പതിനൊന്നോടെയാണു ചാലക്കുടിയിലെത്തിയത്.
മഹാരാഷ്ട്രയിലാണു രാജ്യത്ത് ഏറ്റവും അധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതെന്നതിനാല്‍ അവര്‍ അവിടെ നിന്നെത്തിയത് ആശങ്കയ്ക്ക് കാരണമായി. താലൂക്ക് ആശുപത്രിയില്‍ മൂവരുടെയും സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. കാര്‍ ഓടിച്ചിരുന്ന മഹാരാഷ്ട്ര സ്വദേശിയുടെ ഭാര്യാവീട് മൂവാറ്റുപുഴയിലാണ്. അങ്കമാലിയിലെ ആശുപത്രിയില്‍ മറ്റു 2 പേരെയും എത്തിച്ച ശേഷം മൂവാറ്റുപുഴയിലേക്കു പോകാനായിരുന്നു ഇയാളുടെ പദ്ധതി.
https://www.facebook.com/Malayalivartha
























