സംസ്ഥാനത്ത് നാല് ജില്ലകള്‍ റെഡ് സോണ്‍; കേന്ദ്ര നിര്‍ദേശം അനുസരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനവും; ഇനി ഈ ജില്ലകളില്‍ ഇലയനങ്ങില്ല

ലോക്ഡൗണില്‍ ഈ മാസം 20 വരെ ഇളവ് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ലോക്ഡൗണില്‍ ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. കേരളത്തിലെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ് എന്ന് സംസ്ഥാനം വ്യക്തമാക്കുമ്പോഴാണ് കേന്ദ്രത്തിന്റെ പൂട്ട്. എന്തായാലും ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വിവിധമേഖലകള്‍ക്ക് പിന്നീട് ഇളവുനല്‍കാനും തീരുമാനമായി. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയ മേഖലകള്‍ക്കാണ് ഇളവ് നല്‍കുക. ഈ മാസം 20ന് ശേഷമായിരിക്കും കേന്ദ്ര നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇളവ് അനുവദിക്കുക. 20വരെ ഇപ്പോഴത്തെ നിയന്ത്രണം തുടരും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച് നാലു ജില്ലകള്‍ റെഡ് സോണായി മന്ത്രിസഭ നിശ്ചയിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണില്‍. വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കണമെന്നും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. സാലറി ചാലഞ്ചിന്റെ കാര്യം മന്ത്രിസഭ ചര്‍ച്ചചെയ്തില്ല.
സംസ്ഥാനത്തെ നാല് മേഖലകളായി തിരിക്കാനും തീരുമാനമായി. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെട്ട അതിതീവ്ര മേഖല, ഏപ്രില്‍ 24നു ശേഷം ഭാഗിക ഇളവുകള്‍ അനുവദിക്കുന്ന പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍ ഉള്‍പ്പെട്ട മേഖല, ഭാഗികമായി ജനജീവിതം അനുവദിക്കുന്ന ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട് ഉള്‍പ്പെട്ട മേഖല, പൂര്‍ണ ഇളവുകള്‍ അനുവദിക്കുന്ന കോട്ടയം, ഇടുക്കി ഉള്‍പ്പെടുന്ന മേഖല എന്നിങ്ങനെ തിരിക്കാനാണ് തീരുമാനം.
അസമയം, 20 നു ശേഷം കയര്‍, കശുവണ്ടി, ബീഡി, കൈത്തറി മേഖലയില്‍ ഇളവ് നല്‍കാന്‍ ധാരണയായിട്ടുണ്ട്. കശുവണ്ടി മേഖലയില്‍ മൂന്നിലൊന്ന് തൊഴിലാളികളുമായി പ്രവര്‍ത്തിക്കാം. കര്‍ഷക, പരമ്പരാഗത മേഖലകളില്‍ ഇളവ് അനുവദിക്കും. സാമൂഹിക അകലം അടക്കമുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കണം എന്ന നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ട്.
ഹോട്ട് സ്പോട്ട് ജില്ലകളില്‍ മാറ്റമുണ്ടാകും. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള പരിശോധനയില്‍ കേരളത്തില്‍ ഏഴു ജില്ലകള്‍ ഹോട്ട് സ്പോട്ട് ആയിട്ടില്ല. ഐ.സി.എം.ആര്‍ പ്രഖ്യാപിച്ചത് ഏഴു ജില്ലകളായിരുന്നു. ഇതില്‍ നിന്ന് തിരുവനന്തപുരവും എറണാകുളവും ഒഴിവാകും.
https://www.facebook.com/Malayalivartha
























