അഗസ്ത്യ മലയുടെ താഴെ ബോണക്കാട് കാട്ടിനുള്ളില്‍ കഥകള്‍ ഉറങ്ങുന്ന നിഗൂഢമായ ബംഗ്ലാവ്...ആ പ്രേത ബംഗ്ലാവിനുള്ളിലെ പെണ്‍കുട്ടി! കഥയോ അതോ സത്യമോ?

ഈ കൊറോണകാലത്ത് വിജനമാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, മലമുകളിലെ ബംഗ്ലാവുകളും കെട്ടിടങ്ങളുമൊക്കെ പലപ്പോഴും പല കഥകളുടെ കേന്ദ്രങ്ങളുമാണ്. കെട്ടുകഥയോ അതോ സത്യമോ. പലതിനും ഇന്നും ഉത്തരമില്ല. ഏതായാലും ഈ പ്രേത ബംഗ്ലാവിനുള്ളിലെ പെണ്‍കുട്ടി ബോണക്കാട്ടുകാര്‍ക്ക് പുതുമയല്ല.
അഗസ്ത്യ മലയുടെ താഴെ ബോണക്കാട് കാട്ടിനുള്ളില്‍ കഥകള്‍ ഉറങ്ങുന്ന നിഗൂഢമായ ബംഗ്ലാവ്. പലപ്പോഴും സഞ്ചാരികള്‍ കേട്ടറിഞ്ഞ് ഇവിടെ എത്താറുണ്ടെങ്കിലും പ്രകൃതി സുന്ദരമായ ഈ പ്രദേശത്തെക്കുറിച്ച് അധികമാളുകള്‍ക്ക് അറിയില്ല എന്നതാണ് സത്യം. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ഒരു ദിവസത്തെ യാത്ര പോകാന്‍ പറ്റിയ മികച്ച ഒരു സ്ഥലമാണ് ഇത്. തിരുവനന്തപുരത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ബോണക്കാട്. ഒന്നര നൂറ്റാണ്ടു മുന്‍പേ എത്തിയ വെള്ളക്കാര്‍ ഈ പ്രദേശത്ത് തേയിലക്കൃഷി തുടങ്ങി. 2500 ഏക്കര്‍ സ്ഥലത്ത് കാടു വെട്ടിത്തെളിച്ച് അവര്‍ തേയിലച്ചെടികള്‍ നട്ടു. നാട്ടുകാരായിരുന്നു തൊഴിലാളികള്‍. അവര്‍ക്ക് താമസിക്കാനായി ലായങ്ങള്‍ പണിതു. വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ക്ക് കുടുംബസമേതം താമസിക്കാനായി 1951 ല്‍ പണിതതാണ് ഇവിടുത്തെ ബംഗ്ലാവ്. ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഒരു കെട്ടിടമാണ് ഈ ബംഗ്ലാവ്. വിശാലമായ നാല് മുറികള്‍. കുളിമുറികളിലാവട്ടെ, ബാത്ത്ടബ്ബ് അടക്കമുള്ള സൗകര്യമുണ്ട്. കിടപ്പുമുറിയിലും സ്വീകരണമുറിയിലും പാശ്ചാത്യ രീതി അനുസരിച്ച് തീ കായാനുള്ള നെരിപ്പോട് കാണാം. തറയാകട്ടെ, മൊസൈക്ക് പാകിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
വിജനമായതും ഉപേക്ഷിക്കപ്പെട്ടതുമായ ബോണക്കാട്ടെ ഈ നിഗൂഢ ബംഗ്ളാവിനെക്കുറിച്ചും ഭീതിയുണര്‍ത്തുന്ന പല കഥകളും പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് ഈ കഥ.വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജരും കുടുംബവുമായിരുന്നു 25 ഏആ എന്ന് പേരുള്ള ഈ ബംഗ്ലാവില്‍ താമസിച്ചിരുന്നത്. താമസം മാറ്റി അധികകാലം കഴിഞ്ഞില്ല, അദ്ദേഹത്തിന്റെ 13കാരിയായ മകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ ഇന്ത്യ മടുത്ത സായിപ്പ് ലണ്ടനിലേക്ക് മടങ്ങി.
എന്നാല്‍ പിന്നീട് അവിടെ താമസിച്ച പലരും ജനാലക്കല്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കണ്ടുവെന്നാണ് കഥ. അവളുടെ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും കേട്ടു എന്നും പലരും പറയുന്നു. ഇപ്പോഴും ആ പെണ്‍കുട്ടിയുടെ ആത്മാവ് ശാന്തി കിട്ടാതെ അവിടെ അലയുന്നു എന്നാണു കഥ. വിറകു പെറുക്കാനായി ഇവിടെ എത്തിയ ഒരു നാടന്‍ പെണ്‍കുട്ടിക്ക് പ്രേതബാധ ഉണ്ടായതായി മറ്റൊരു കഥയും പ്രചരിക്കുന്നുണ്ട്. എഴുതാനും വായിക്കാനും അറിയാതിരുന്ന ആ പെണ്‍കുട്ടി, ബംഗ്ലാവില്‍ പോയി വന്നതിനു ശേഷം പെട്ടെന്ന് സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങിയത്രേ.
എന്നാല്‍ അതിനു ശേഷം കുറച്ചു കാലമേ ആ പെണ്‍കുട്ടി ജീവിച്ചുള്ളു. അനേകം കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അവയൊന്നും സത്യമല്ല എന്നാണ് നാട്ടുകാര്‍ അടക്കമുള്ള ഭൂരിപക്ഷം പേരുടെയും അഭിപ്രായം. എന്തൊക്കെയായിരുന്നാലും ഈ കഥകള്‍ക്കു പിന്നിലെ സത്യമെന്താണ് എന്ന് ആര്‍ക്കുമറിയില്ല. വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല എങ്കിലും ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ വീണ്ടും വരാന്‍ തോന്നുന്നതും ഭാവിയില്‍ മികച്ച ഒരു ടൂറിസ്റ്റ് സ്പോട്ടാവാന്‍ സാധ്യതയുള്ളതുമായ, കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്. കൊറോണക്കാലത്തിനു തൊട്ടു മുന്‍പേ വരെ സ്ഥിരമായി സഞ്ചാരികള്‍ എത്തിയിരുന്ന ഇടമാണ് ഇത്.]
https://www.facebook.com/Malayalivartha
























