സെമിത്തേരിയിൽ കഞ്ചാവ് നട്ടുവളർത്തി ഉണക്കി വിറ്റു: മൂന്നു യുവാക്കൾ പിടിയിൽ

സെമിത്തേരിയിൽ വളർത്തിയ കഞ്ചാവ് ചെടി ഉണക്കിയെടുത്ത് വിൽപന നടത്തിയ 3 യുവാക്കൾ അറസ്റ്റിൽ. ഇടക്കൊച്ചി ചെട്ടിക്കളത്തിൽ പി.അനീഷ് (30), തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വെങ്കയ്യൻ (30), പനയപ്പള്ളി വലിയവേലിക്കകം മജീദ് (37)എന്നിവരാണ് പിടിയിലായത്. മലിനജല ടാങ്കറിൽ ജോലി ചെയ്യുന്നവരാണിവർ. ലോക് ഡൗണിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കഞ്ചാവ് വരവ് നിലച്ചതോടെയാണ് ചുള്ളിക്കൽ പ്രദേശത്തെ സെമിത്തേരിയിൽ കഞ്ചാവിന്റെ തരി പാകി ഇവർ മുളപ്പിച്ചത്. രാത്രി ആരും കാണാതെ വെള്ളവും ചാണകപ്പൊടിയും ഇട്ട് വളർത്തിയ 16 ദിവസം പ്രായമായ കഞ്ചാവു ചെടി യുവാക്കൾ പറിച്ച് ടെറസിലിട്ട് ഉണക്കിയാണ് വിൽപനയ്ക്ക് കൊണ്ടുവന്നത്.
8 പാക്കറ്റുകളിലായി കൊണ്ടുവന്ന 71 ഗ്രാം കഞ്ചാവ് അമ്മായിമുക്കിൽ മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ പി.ഇ. ഷൈബുവും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു. പ്രിവന്റീവ് ഓഫിസർമാരായ കെ.സാലിഹ്, എം.ടി.ഹാരിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.യു.അനസ്, എം.എം.മുനീർ, എസ്.ശ്രീരാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























