പാവപ്പെട്ടവര്‍ക്ക് സൗജന്യ ഉപദേശവും തനിക്ക് താമസിക്കാന്‍ ആയിരം കോടിയുടെ പുതിയ കൊട്ടാരവുമെന്ന പ്രധാനമന്ത്രിയുടെ നയം തിരുത്തണമെന്ന് പ്രതിപക്ഷം

കോവിഡെന്ന മഹാമാരിക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗായി ലോക്ക് ഡൗണ്‍ നീട്ടയതിനെ തുടര്‍ന്ന് ഉപജീവനത്താനായി അന്യനാടുകളിലേക്ക് കുടിയേറിയ തൊഴിലാളികള്‍ക്കും പ്രതിസന്ധിയിലാണ്. ഓഫീസുകളും കച്ചവട സ്ഥാപനങ്ങളുമൊക്കെ അടച്ചിട്ടതു കൊണ്ട് തൊഴില്‍ നഷ്ടപ്പട്ടവരാണ് ഇവരില്‍ ബഹുഭൂരിപക്ഷവും. വരുമാനം നിലച്ചതും നാട്ടിലെത്താന്‍ കഴിയാത്ത അവസ്ഥയും ചൂണ്ടിക്കാട്ടി ഇവര്‍ രാജ്യത്തിന്റെ മിക്ക വന്‍ നഗരങ്ങളിലപം വിലക്കുകള്‍ ലംഘിച്ച് കൂട്ടംകൂടി പ്രതിഷേധിച്ചിരുന്നു. ചിലര്‍ക്ക് വരുമാനവും ഭക്ഷണവും ഇല്ലാത്തത് ജീവിതം പ്രതിസന്ധിയിലാക്കുന്നു. മറ്റുചിലര്‍ സ്വന്തം കുടുംബത്തെ ഓര്‍ത്ത് വിഷമിക്കുന്നു. ഇതിനാലൊക്കെ തല്‍ക്കാലത്തേക്കെങ്കിലും നാട്ടിലേക്ക് പോകണമെന്നാണ് അവരുടെ പൊതുവായ ആവശ്യം. കൂടാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി തുറിച്ചുനോക്കുന്നതും കുടിയേറ്റ തൊഴിലാളികളെ അസ്വസ്ഥരാക്കുന്നു. ഇതിനിടെയാണ, കുടിയേറ്റ തൊഴിലാളികളുടെ വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി രംഗത്തെത്തിയിരിക്കുന്നത്.
പാവപ്പെട്ടവര്‍ക്ക് സൗജന്യ ഉപദേശവും തനിക്ക് താമസിക്കാന്‍ ആയിരം കോടി രൂപയുടെ പുതിയ കൊട്ടാരവുമെന്ന പ്രധാനമന്ത്രിയുടെ നയം തിരുത്തണമെന്ന് എം.എ. ബേബി. എല്ലാ ദുരന്തങ്ങളും ഒടുവില്‍ താങ്ങേണ്ടി വരുന്നത് തൊഴിലാളികളാണ്. ഇന്ത്യയിലെ പട്ടിണിക്കാരില്‍ പട്ടിണിക്കാരാണ് സ്വന്തം നാട്ടില്‍ കൂലിവേല പോലും കിട്ടാതെ മറ്റു സംസ്ഥാനങ്ങളിലും മഹാനഗരങ്ങളിലും പോയി ഉപജീവനം നേടുന്നവര്‍. ഇന്നത്തെ കോവിഡ് മഹാമാരിയുടെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നതും അവര്‍ തന്നെ. കേരളം ഒഴികെ ഇന്ത്യയിലെ ഒരു സംസ്ഥാനവും ഈ കുടിയേറ്റത്തൊഴിലാളികളുടെ കാര്യം ഗൗരവമായെടുത്തിട്ടില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ ദില്ലിയില്‍ നിന്നും മുംബൈയില്‍ നിന്നും ലക്ഷക്കണക്കിനു തൊഴിലാളികളാണ് ആയിരക്കണക്കിനു കിലോമീറ്ററുകള്‍ താണ്ടി സ്വന്തം നാട്ടിലേക്കു നടന്നു പോയതെന്നും എംഎ ബേബി പറഞ്ഞു.
വീണ്ടും ലോക്ക് ഡൌണ്‍ നീട്ടിയപ്പോള്‍ മുംബൈയിലും ഗുജറാത്തിലെ സൂറത്തിലും രോഗഭീതി വകവയ്ക്കാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങിയിരിക്കുന്നു. നാട്ടില്‍ പോകണം എന്നതു മാത്രമാണ് അവരുടെ ആവശ്യം. തൊഴിലും ഭക്ഷണവും ഇല്ലാതെ വലയുന്ന അവര്‍ക്കു നാട്ടില്‍ പോകാന്‍ പ്രത്യേക തീവണ്ടികളോ മറ്റു സംവിധാനങ്ങളോ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. അതിനു പണമില്ല. പക്ഷേ, ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്ക് താമസിക്കാന്‍ 922 കോടിയുടെ പുതിയ കൊട്ടാരം ഉണ്ടാക്കാന്‍ കരാറാകുന്നു. പുതിയ പാര്‍ലമെന്റും മന്ത്രി, മന്ത്രാലയാപ്പീസുകളും ഉണ്ടാക്കാന്‍ 20000 കോടിയുടെ പദ്ധതി ആയി. പാവപ്പെട്ടവര്‍ക്ക് ടെലിവിഷന്‍ പ്രഭാഷണങ്ങളിലൂടെ സൗജന്യ ഉപദേശം, തനിക്കു വസിക്കാന്‍ കൊട്ടാരമുണ്ടാക്കാന്‍ ആയിരം കോടി എന്നാണ് നരേന്ദ്ര മോദിയുടെ നയം. ഇത് തിരുത്താന്‍ അദ്ദേഹം തയ്യാറായില്ലെങ്കില്‍ തിരുത്തിക്കാന്‍ പൊതുസമൂഹം ഉണരേണ്ടിയിരിക്കുന്നുവെന്നും എം.എ.ബേബി പറഞ്ഞു.
അതിനിടെ, കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. കൊറോണ വൈറസിനെ ചെറുക്കാനുള്ള പ്രതിവിധി ലോക്ക്ഡൗണ്‍ അല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ആക്രമണോത്സുകതയോടെ തന്ത്രപരമായി സാമ്പിള്‍ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ലോക്ക്ഡൗണ്‍ ഒരു തരത്തിലും വൈറസിനെ പൂര്‍ണമായി പരാജയപ്പെടുത്തില്ല. കുറച്ചു നേരത്തേക്ക് വൈറസ് വ്യാപനം തടയാന്‍ മാത്രമേ ഇത് ഉപകരിക്കൂ. വൈറസിനെ പരാജയപ്പെടുത്താനുള്ള ഏകമാര്‍ഗം എന്നുപറയുന്നത് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് വൈറസിനെ പിന്തുടര്‍ന്നുകൊണ്ട് അതിനെ മറികടക്കുകയാണ്. ഇതാണ് സര്‍ക്കാരിനുള്ള എന്റെ ഉപദേശമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
https://www.facebook.com/Malayalivartha
























