സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടറിനു 3 മാസം വിലക്ക്; പകുതിശമ്പളവും ആലോചനയില്‍

3 മാസത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ തുക വിതരണം ചെയ്യുന്നതിനു ധനവകുപ്പ് വിലക്ക് ഏര്‍പ്പെടുത്തി. അടുത്ത മാസം ശമ്പളം നല്‍കാന്‍ പോലും പണമില്ലാത്ത സാഹചര്യത്തിലാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ പണം നല്‍കും.
ട്രഷറി ഡയറക്ടറേറ്റില്‍ നിന്ന് ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ ട്രഷറികള്‍ക്കും ഫോണിലൂടെ കൈമാറി. എന്നാല്‍, ഇന്നലെ ഉച്ചയ്ക്ക് നിര്‍ദേശം വരുന്നതിനു തൊട്ടുമുന്‍പ് ധനവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റ് സബ് ട്രഷറിയിലെത്തി പണം പിന്‍വലിച്ചു. ഇനി ഡിഡിഒമാര്‍ ലീവ് സറണ്ടര്‍ ബില്‍ സമര്‍പ്പിച്ചാലും ട്രഷറിയില്‍ നിന്നു മാറി നല്‍കില്ല.
തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ ബില്ലുകളും നാളെ മുതല്‍ പരിധിയില്ലാതെ കൊടുത്തു തുടങ്ങും. 2200 കോടി രൂപയുടെ ബില്ലുകളാണ് ഇതുവരെ ലഭിച്ചത്. ബില്ലുകള്‍ സമര്‍പ്പിക്കാന്‍ നാളെ വരെ സമയമുണ്ട്. ഇതുകൂടി കൊടുത്താല്‍ പണം തീരും. കടമെടുക്കുന്ന പണം കൊണ്ടാണ് സര്‍ക്കാര്‍ ഒരു മാസമായി ചെലവു നടത്തുന്നത്. കടപ്പത്ര ലേലത്തിലൂടെ 5,930 കോടി രൂപ സമാഹരിച്ചതില്‍ പകുതിയും ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനാണ് ചെലവിട്ടത്.
ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ വായ്പയെടുക്കാന്‍ അടുത്തയാഴ്ച വീണ്ടും കടപ്പത്രമിറക്കാനാണ് തീരുമാനം. 8.96% പലിശയ്ക്ക് വായ്പയെടുത്തത് തിരിച്ചടിയായതിനാല്‍ ഇനി പലഘട്ടങ്ങളായി കുറഞ്ഞ തുകയ്ക്കായിരിക്കും കടമെടുപ്പ്. പകുതി മാസത്തേക്കുള്ള ശമ്പളം മാത്രം അടുത്ത മാസാദ്യം നല്‍കാനും ആലോചിക്കുന്നുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സാലറി ചാലഞ്ച് ഇന്നലെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. അടുത്ത യോഗം ബുധനാഴ്ചയാണ്.
https://www.facebook.com/Malayalivartha
























