എറണാകുളം ജില്ലയില്‍ കോവിഡ് സാംപിള്‍ പരിശോധനയ്ക്കു തുടക്കമായി

എറണാകുളത്ത് കോവിഡ് സാംപിള്‍ പരിശോധന ആരംഭിച്ചു. കളമശേരി മെഡിക്കല്‍ കോളജിലെ റിയല്‍ ടൈം പിസിആര്‍ ലബോറട്ടറികളില്‍ ഇന്നലെ പരീക്ഷണാര്‍ഥം ഒരു പരിശോധന നടത്തി. രണ്ടര മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭ്യമാക്കുന്ന റിയല്‍ ടൈം റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ പരിശോധന സംവിധാനമാണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്.
ഐസിഎംആറിന്റെ അനുമതിക്കായി കണ്‍ട്രോള്‍ ടെസ്റ്റ് എന്നറിയപ്പെടുന്ന ഇതിന്റെ ഫലം, ഗ്രാഫ് എന്നിവ സമര്‍പിച്ചു. ഇന്ന് അനുമതി ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തുടര്‍ന്ന് ലാബില്‍ പതിവു പരിശോധനകള്‍ക്കു തുടക്കമാകും. ദിവസേന 180 സാംപിളുകള്‍ പരിശോധിക്കാനുള്ള സൗകര്യം ലാബിലുണ്ട്. നിപ കാലത്തു പ്രത്യേക പരിശീലനം കിട്ടിയ ഡോക്ടര്‍മാര്‍ക്കാണു ലാബിന്റെ ചുമതല. ഐസിഎംആറിന്റെ അനുമതിയോടെ വിവിധ വൈറസ് രോഗങ്ങളുടെ പരിശോധനയും പുതിയ ലാബില്‍ നടത്താം.
പരിശോധനയുടെ ആദ്യഘട്ടം സാംപിള്‍ പ്രോസസിങ് റൂമിലാണ്. 3 ലക്ഷം രൂപ വിലയുള്ള സുരക്ഷാ കാബിനറ്റ് ആണ് സാംപിള്‍ പ്രോസസിങ് യൂണിറ്റില്‍ ഉള്ളത്. അടുത്ത യൂണിറ്റില്‍ ആര്‍എന്‍എ വേര്‍തിരിച്ചെടുക്കും. തുടര്‍ന്ന് മാസ്റ്റര്‍ മിക്‌സ് റൂമിലെ പരിശോധനകളും ഒടുവില്‍ റിയല്‍ ടൈം പിസിആറും നടത്തുന്നതോടെ കോവിഡ് പരിശോധന പൂര്‍ണമാകും. ലാബിലെ 5 മുറികളില്‍ ആദ്യത്തേതു റിസപ്ഷനും സാംപിള്‍ കൈപ്പറ്റുന്നതിനും റിപ്പോര്‍ട്ട് പ്രിന്റിങ്ങിനുമായുള്ളതാണ്.
https://www.facebook.com/Malayalivartha
























