ഇത് പ്രതികാര നടപടി; തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് കെ എം ഷാജി

തനിക്കെതിരായ വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന ആരോപണവുമായി കെ.എം. ഷാജി എംഎല്‍എ രംഗത്ത്. ലീഗിന്റെ ഒരു ഘടകത്തിനും ഇങ്ങനെ ഒരു പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ച ഷാജി മുഖ്യമന്ത്രിക്കെതിരെ താന്‍ നിലപാട് സ്വീകരിച്ചു അതിനാൽ ഇനി പലതരത്തിലുള്ള അന്വേഷണവും നേരിടേണ്ടി വരുമെന്നും പറഞ്ഞു.
ഇത് പ്രതീക്ഷിച്ച കാര്യമാണ്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി നിര്‍ത്തിവച്ച കേസാണിത്. ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യവുമായി ബന്ധപ്പെട്ട് തന്നെ പോലീസ് ഫോണില്‍ പോലും വിളിച്ചിട്ടില്ല. ഇങ്ങനെ പരാതി നല്‍കിയെന്ന് ഒരു പ്രാദേശിക പത്രത്തില്‍ വായിച്ചത് ഓര്‍മയുണ്ട്. പാര്‍ട്ടി നേതാക്കന്മാരുമായി ആലോചിച്ചതിന് ശേഷം തുടര്‍നടപടികള്‍ ആലോചിക്കും ഷാജി കൂട്ടിച്ചേര്‍ത്തു.
2017ല്‍ അഴീക്കോട് സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ ഷാജി 25 ലക്ഷം രൂപ വാങ്ങി എന്നാണ് പരാതി. ലീഗിന്റെ പ്രാദേശിക കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തിന് നൽകിയെന്നും പദ്മനാഭന്റെ പരാതിയിലുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് തുടരന്വേഷണത്തിന് അനുവാദം ചോദിച്ചിരുന്നു. സർക്കാർ അനുവാദം നൽകിയതോടെ ഉടൻ കേസ് രജിസ്റ്റർ ചെയ്യും.
മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് കെഎം ഷാജി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതും ഇതിന് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. കെഎം ഷാജിയെ പിന്തുണച്ച് എംകെ മുനീറും കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വരുന്നത്.
അതേസമയം 2017 സെപ്തംബർ മാസത്തിലാണ് പദ്മനാഭൻ പരാതി നൽകിയത്. പുനരന്വേഷണം നടത്താൻ അനുവാദം നൽകുന്നത് ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ്. പൂതപ്പാറ മുസ്ലിം ലീഗ് പ്രാദേശിക കമ്മിറ്റി നൽകിയ പരാതിയിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തില്ലെന്നും മറിച്ച് പരാതിക്കാർക്ക് എതിരെ നടപടിയെടുത്തുവെന്നും പദ്മനാഭൻ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























