സംസ്ഥാനത്ത് ഒരാള്‍ക്കുമാത്രം കോവിഡ്; കേരളം കരകയറുന്നു; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,007 പുതിയ കോവിഡ് കേസുകള്‍;

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. അതേസമയം പത്തുപേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ആറുപേരുടേയും എറണാകുളം ജില്ലയിലെ രണ്ടുപേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്.
255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,007 പുതിയ കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് കണക്കുകള്‍ പുറത്തുവിട്ടത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 19 ഇടങ്ങളില്‍ രോഗം ഇരട്ടിക്കല്‍ ദേശീയ ശരാശരിയെക്കാള്‍ താഴെയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം, ഉത്തരാഖണ്ഡ്, ഹരിയാണ, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഢ്, ലഡാക്ക്, പുതുച്ചേരി, ഡല്‍ഹി, ബിഹാര്‍, ഒഡീഷ, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, അസം, ത്രിപുര തുടങ്ങിയ ഇടങ്ങളിലാണ് രോഗികളുടെ എണ്ണം ഇരട്ടിക്കല്‍ ദേശീയ ശരാശരിയെക്കാള്‍ കുറവുള്ളത്. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക്ഡൗണിനു മുമ്പ് മൂന്നുദിവസമായിരുന്നു കോവിഡ്-19ന്റെ ഇരട്ടിക്കല്‍ നിരക്ക്. എന്നാല്‍ കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുപ്രകാരം, നിലവില്‍ ഇരട്ടിക്കലിന് ആവശ്യമായത് 6.2 ദിവസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ നടപടികളും വാക്‌സിന്‍ വികസിപ്പിക്കലിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. പുനഃസംയോജിപ്പിച്ച ബി.സി.ജി., പ്ലാസ്മ തെറാപ്പി തുടങ്ങിയവയുടെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ്-19 രോഗമുക്തരുടെയും മരിച്ചവരുടെയും അനുപാതം 80: 20 ആണ്. ഇത് മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഉയര്‍ന്നതാണെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി. ഏപ്രില്‍ ഒന്നുവരെയുള്ള കോവിഡ്-19ന്റെ ശരാശരി വളര്‍ച്ചാനിരക്ക് 1.2 ആയിരുന്നു. എന്നാല്‍ മാര്‍ച്ച് 15 മുതല്‍ 31 വരെയുള്ള സമയത്തെ ശരാശരി വളര്‍ച്ചാനിരക്ക് 2.1 ആയി. ശരാശരി വളര്‍ച്ചാനിരക്കില്‍ 40 ശതമാനത്തിന്റെ കുറവാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























