സുരേന്ദ്രന് തെറ്റിയിട്ടില്ല. കേരളത്തിലെ അമിത് ഷായെ തന്നെയാണയാള്‍ പിന്തുണച്ചത്; കെ.എം. ഷാജിക്കെതിരെ അഴിമതി ആരോപണക്കേസില്‍ വിജിലന്‍സ് കേസെടുത്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറന്പില്

കെ.എം. ഷാജിക്കെതിരെ അഴിമതി ആരോപണക്കേസില്‍ വിജിലന്‍സ് കേസെടുത്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറന്പില് രംഗത്ത്. മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണെന്നും കേരളത്തില്‍ ഇനി മറ്റൊരു അമിത് ഷാ വേണ്ടെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.
സുരേന്ദ്രന് തെറ്റിയിട്ടില്ല. കേരളത്തിലെ അമിത് ഷായെ തന്നെയാണയാള്‍ പിന്തുണച്ചത്. കേരളത്തില്‍ ഇനി മറ്റൊരു അമിത് ഷാ വേണ്ട. മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ്. ഏകാധിപതികളുടെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതക്കു മരുന്ന് പിആര്‍ ഏജന്‍സിക്ക് കുറിക്കാന്‍ കഴിയില്ല. തല്‍ക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. അതിനുള്ള ചികിത്സ ജനത്തിന്റെ പക്കലുണ്ടെന്നു ഷാഫി പറഞ്ഞു.
പിണറായി വിജയനെ ഞങ്ങളും ഓര്‍മ്മപെടുത്തുന്നു ഇതു കേരളമാണ്. സ്പ്രിങ്ക്ളറിലും നിശബ്ദത ആഗ്രഹിക്കുന്നുണ്ടെന്നറിയാം. അത് ഈ വേട്ടയാടലുകള്കൊണ്ട് ഒന്നും നടക്കില്ല. ആര്‍ജവത്തിന്റെ ഒരംശം ഉണ്ടെങ്കില്‍ സ്പ്രിങ്ക്ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം. വിജിലന്‍സില്‍ എന്തെങ്കിലും നിഷ്പക്ഷത ബാക്കിയുണ്ടോ എന്ന് ഒന്ന് കാണട്ടെ. കെ.എം. ഷാജിയെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും ഷാഫി വ്യക്തമാക്കി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അഴീക്കോട് സ്കൂളിന് ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭനാണ് പരാതി നല്‍കിയത്. വിജിലന്‍സ് നേരത്തെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സ്കൂൾ മാനേജ്മെന്റിൽ നിന്ന് പണം വാങ്ങിയെന്നാണ് പരാതി. 2012-13 കാലയളവിൽ അന്നത്തെ സർക്കാർ ഹയർ സെക്കന്ററി കോഴ്സുകൾ അനുവദിക്കുന്ന സമയത്ത് പൂതപ്പാറയിലെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റി മാനേജ്മെന്റിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. അന്ന് ഈ തുക നൽകേണ്ടതില്ലെന്ന് കെഎം ഷാജി മാനേജ്മെന്റിനോട് പറഞ്ഞു.
തനിക്കെതിരായ വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന ആരോപണവുമായി കെ.എം. ഷാജി എംഎല്‍എ തന്നെ രംഗത്ത് എത്തി. ലീഗിന്റെ ഒരു ഘടകത്തിനും ഇങ്ങനെ ഒരു പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ച ഷാജി മുഖ്യമന്ത്രിക്കെതിരെ താന്‍ നിലപാട് സ്വീകരിച്ചു അതിനാൽ ഇനി പലതരത്തിലുള്ള അന്വേഷണവും നേരിടേണ്ടി വരുമെന്നും പറഞ്ഞു. ഇത് പ്രതീക്ഷിച്ച കാര്യമാണ്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി നിര്‍ത്തിവച്ച കേസാണിത്. ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യവുമായി ബന്ധപ്പെട്ട് തന്നെ പോലീസ് ഫോണില്‍ പോലും വിളിച്ചിട്ടില്ല. ഇങ്ങനെ പരാതി നല്‍കിയെന്ന് ഒരു പ്രാദേശിക പത്രത്തില്‍ വായിച്ചത് ഓര്‍മയുണ്ട്. പാര്‍ട്ടി നേതാക്കന്മാരുമായി ആലോചിച്ചതിന് ശേഷം തുടര്‍നടപടികള്‍ ആലോചിക്കും ഷാജി കൂട്ടിച്ചേര്‍ത്തു.
എന്നാൽ 2017 ൽ സ്കൂളിൽ ഹയർ സെക്കന്ററി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം. ലീഗിന്റെ പ്രാദേശിക കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തിന് നൽകിയെന്നും പദ്മനാഭന്റെ പരാതിയിലുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് തുടരന്വേഷണത്തിന് അനുവാദം ചോദിച്ചിരുന്നു. സർക്കാർ അനുവാദം നൽകിയതോടെ ഉടൻ കേസ് രജിസ്റ്റർ ചെയ്യും.
മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് കെഎം ഷാജി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതും ഇതിന് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. കെഎം ഷാജിയെ പിന്തുണച്ച് എംകെ മുനീറും കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വരുന്നത്.
അതേസമയം 2017 സെപ്തംബർ മാസത്തിലാണ് പദ്മനാഭൻ പരാതി നൽകിയത്. പുനരന്വേഷണം നടത്താൻ അനുവാദം നൽകുന്നത് ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ്. പൂതപ്പാറ മുസ്ലിം ലീഗ് പ്രാദേശിക കമ്മിറ്റി നൽകിയ പരാതിയിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തില്ലെന്നും മറിച്ച് പരാതിക്കാർക്ക് എതിരെ നടപടിയെടുത്തുവെന്നും പദ്മനാഭൻ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























