പരേതരായ റേഷന്‍ കാര്‍ഡുടമകളുടെ പേരില്‍ ധാന്യ വെട്ടിപ്പ് നടത്തിയ കടയുടെ ലൈസന്‍സ് റദ്ദാക്കി

ചാലക്കുടി പരിയാരം മോതിരക്കണ്ണിയില്‍ വെട്ടിപ്പു നടത്തിയ റേഷന്‍ കടയുടെ ലൈസന്‍സ് താലൂക്ക് സപ്ലൈ ഓഫിസര്‍ റദ്ദാക്കി. പരേതരായ റേഷന്‍ കാര്‍ഡുടമകളുടെ പേരിലാണ് ധാന്യ വെട്ടിപ്പ് നടത്തിയത്. 533 കിലോ അരി, 90 കിലോ ഗോതമ്പ്, എട്ടര ലീറ്റര്‍ മണ്ണെണ്ണ എന്നിവ തട്ടിയെടുത്തതായി കണ്ടെത്തി.
കണക്കില്‍ കവിഞ്ഞ് റേഷന്‍ധാന്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂര്‍ പൊരിബസാറിലെ റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 41 കിലോ പുഴുക്കലരി, 20 കിലോ മട്ടയരി എന്നിവയാണ് കൂടുതല്‍ കണ്ടെത്തിയത്. 147 കിലോ ആട്ട കുറവാണെന്നും കണ്ടെത്തി.
ഏതാനും മാസം മുന്‍പ് ചാലക്കുടിയില്‍ മാത്രം, പരേതരായ കാര്‍ഡുടമകളുടെ പേരില്‍ അരിയും മണ്ണെണ്ണയും ഗോതമ്പും വെട്ടിച്ചതിന് 22 കടക്കാര്‍ക്കെതിരെ സിവില്‍ സപ്ലൈസ് വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. ഒരാള്‍ മാത്രം താമസിക്കുന്ന വീടുകളിലെ കാര്‍ഡ് ഉടമ മരിക്കുമ്പോഴാണ് ഇ-പോസ് മെഷീനെ പറ്റിച്ച് 'മാന്വല്‍ ട്രാന്‍സാക്ഷന്‍' രീതിയില്‍ ചില റേഷന്‍ കടയുടമകള്‍ വെട്ടിപ്പു നടത്തുന്നത്.
ഓരോ ജില്ലയിലും ആയിരത്തോളം പേര്‍ പരേതരുടെ പട്ടികയില്‍പ്പെടുന്നു എന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിഗമനം. ഇവരുടെ കാര്‍ഡുകള്‍ കടയുടമകള്‍ കൈവശപ്പെടുത്തിയ അവസ്ഥയാണ്. ഇതില്‍ എഎവൈ വിഭാഗം കാര്‍ഡ് ഉടമകളുടെ പേരിലാണ് വെട്ടിപ്പു കൂടുതല്‍ നടക്കുന്നത്.
ഒറ്റയംഗം മാത്രമുള്ള വീടുകളില്‍ കാര്‍ഡ് ഉടമ ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും സിവില്‍ സപ്ലൈസ് വകുപ്പിന്റെ കൈവശം കൃത്യമായ കണക്കുകളില്ല.
https://www.facebook.com/Malayalivartha
























