ലോക്ഡൗണ്‍ മൂലം നിര്‍മാണ പ്രവൃത്തികള്‍ സ്തംഭിച്ച് കുതിരാന്‍ തുരങ്കവും ആറുവരിപ്പാതയും

പാലക്കാട് ജില്ലയില്‍ ലോക്ഡൗണ്‍ മൂലം നിര്‍മാണ പ്രവൃത്തികള്‍ നിലച്ചുപോയ ഒട്ടേറെ പദ്ധതികളാണ് ഉള്ളത്. സംസ്ഥാനത്തെ മുഴുവന്‍ ബാധിക്കുന്ന കുതിരാന്‍ തുരങ്കം പോലെയുള്ള പദ്ധതിയും മെഡിക്കല്‍ കോളജും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും അടക്കം ജില്ലയുടെ പ്രതീക്ഷയായ പദ്ധതികളും മുടങ്ങിക്കിടക്കുന്നവയില്‍ ഉള്‍പ്പെടുന്നു.
പൂര്‍ത്തിയാക്കാന്‍ നല്‍കിയിരുന്ന സമയ പരിധി പലവട്ടം കഴിഞ്ഞ പദ്ധതികളാണ് കുതിരാന്‍ തുരങ്കവും ആറുവരിപ്പാതയും. പ്രശ്‌നങ്ങള്‍ അവസാനിച്ച് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് ലോക്ഡൗണ്‍ വന്നത്. മഴ ആരംഭിച്ചാല്‍ നിര്‍മാണം മുഴുവന്‍ നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നത് ആശങ്കയുണ്ടാക്കുന്നു. ഇനി ലോക്ഡൗണില്‍ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളിലാണ് പ്രതീക്ഷ.
സംസ്ഥാന ഗവണ്‍മെന്റിന് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ സര്‍ക്കുലറില്‍ 20-ന് ശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അനുവാദം നല്‍കാമെന്ന് നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രതീക്ഷിക്കുന്നതായി ദേശീയപാത നിര്‍മാണ കമ്പനി പറയുന്നു.
പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് നിര്‍മാണവും ലോക്ഡൗണിലാണ്. 2021 ജനുവരിയില്‍ പൂര്‍ത്തിയാക്കേണ്ട നിര്‍മ്മാണം, നിലവിലെ അവസ്ഥ അനുസരിച്ച് പൂര്‍ത്തിയാകുന്നത് വൈകും. ആശുപത്രി ബ്ലോക്ക്, പ്രധാന ബ്ലോക്കിന്റെ മൂന്നാം നില, അക്കാദമിക് ബ്ലോക്കിന്റെ ബാക്കി പ്രവൃത്തികള്‍ എന്നിവയാണു ഇനി ബാക്കിയുള്ളത്. ആശുപത്രി ബ്ലോക്കിന്റെ പ്രധാന നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ലോക്ഡൗണ്‍ വന്നതോടെ പണി നിര്‍ത്തിവയ്‌ക്കേണ്ടി വരികയും അസംസ്‌കൃത സാധനങ്ങളുടെ വരവ് നിലയ്ക്കുകയും ചെയ്തു. 20 മുതല്‍ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് അനുസരിച്ചായിരിക്കും ഇനി പ്രവൃത്തി ആരംഭിക്കുക.
കോഴിക്കോട് ദേശീയപാതയുടെ മെറ്റലിങ് കഴിഞ്ഞതാണ്. അതിനു ശേഷം നിശ്ചിത സമയത്തിനുള്ളില്‍ ടാറിങ് നടത്തേണ്ടതുണ്ട്. എന്നാല്‍, പല സ്ഥലങ്ങളിലും മെറ്റലിങ് കഴിഞ്ഞയുടനെയാണ് ലോക് ഡോണ്‍ പ്രഖ്യാപനം വന്നത്. ടാറിങ് നടത്താന്‍ കഴിയാതെ വന്നതോടെ ഇവിടങ്ങളില്‍ വീണ്ടും മെറ്റലിങ് ചെയ്യണം. കുറെ സ്ഥലങ്ങളില്‍ നാട്ടുകാര്‍ക്ക് പൊടിശല്യം ഒഴിവാക്കാന്‍ നനയ്ക്കുന്നുണ്ട്. അത് ഇപ്പോഴും തുടരുന്നു.
അസംസ്‌കൃത വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തേണ്ടതിനാല്‍ ലോക്ഡൗണില്‍ ഇളവ് ലഭിച്ചാല്‍ തന്നെ പണി പുനരാരംഭിക്കുക എളുപ്പമല്ലെന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പറയുന്നു. ഒരു മാസത്തിനുള്ളില്‍ 8 കോടി രൂപയുടെ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് കരാര്‍ കമ്പനി ലക്ഷ്യമിട്ടിരുന്നതെങ്കിലും എല്ലാം മുടങ്ങി.
കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയില്‍ പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയുടെ കോണ്‍ക്രീറ്റിങ് നടത്താന്‍ നിശ്ചയിച്ചിരുന്നത് ഏപ്രില്‍ 8-നായിരുന്നു. ലോക്ഡൗണില്‍ അതിനു പൂട്ടുവീണു. നവീകരണത്തിനായി പൊളിച്ചിട്ടു 4 വര്‍ഷത്തെ സ്തംഭനാവസ്ഥയ്ക്കു ശേഷം ആരംഭിച്ച കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നിര്‍മാണം നിലച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയാലുടന്‍ പ്രവൃത്തികള്‍ പുനരാരംഭിക്കും. പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ തൊഴിലാളികളെ ലഭ്യമാക്കാനും കരാര്‍ കമ്പനിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിജിന്റെ തകര്‍ന്ന സംരക്ഷണ ഭിത്തിയുടെ നിര്‍മാണം ലോക് ഡൗണ്‍ കഴിഞ്ഞാല്‍ തുടങ്ങാനാണ് പദ്ധതി. തകര്‍ന്ന ഷട്ടറുകള്‍ നന്നാക്കാനും മെക്കാനിക്കല്‍ ജോലിക്കായുമുള്ള 1.35 കോടി രൂപയുടെ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ലോക് ഡൗണില്‍ കുടുങ്ങി പ്രാഥമിക ജോലികള്‍ വൈകിയതാണ്. ഷട്ടര്‍ സ്ഥാപിക്കലും അറ്റകുറ്റപ്പണിയും ലോക് ഡൗണിനു ശേഷം തുടങ്ങും.
https://www.facebook.com/Malayalivartha
























