മലപ്പുറത്ത് ഇന്നു പുലര്‍ച്ചെ ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ മരണകാരണം കൊവിഡ് അല്ലെന്ന് ആരോഗ്യമന്ത്രി

മലപ്പുറത്ത് ശനിയാഴ്ച പുലര്‍ച്ചെ ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ മരണകാരണം കൊവിഡ് അല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊറോണ ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് ഇടയിലാണ് മരണം സംഭവിക്കുന്നത്. അടുത്തിടെ അദ്ദേഹത്തിന് നടത്തിയ മൂന്ന് ടെസ്റ്റുകളുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗിക്ക് മറ്റു പല അസുഖങ്ങളും ഉണ്ടായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്.
കൊവിഡ് ഭേദമായതിനാല്‍ തന്നെ സംസ്‌കാരത്തിന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതില്ലെന്നും എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോടെ മാത്രമെ സംസ്‌കാരം നടത്താവു എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് മലപ്പുറം കീഴാറ്റൂര്‍ കരിയമാട് സ്വദേശി വീരാന്‍കുട്ടി (85) മരിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായിരുന്നു. ഇന്നു പുലര്‍ച്ചെ നാല് മണിയോടെയാണ് വീരാന്‍കുട്ടി മരിച്ചത്.
ഒരാഴ്ച മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും വൃക്ക രോഗമടക്കമുള്ള അസൂഖങ്ങളുള്ളതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു ഇയാള്‍.ഏപ്രില്‍ രണ്ടിനാണ് വീരാന്‍ കുട്ടിക്ക് വൈറസ് സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇയാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. നേരത്തെ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മകനില്‍നിന്നാണ് വൈറസ് ബാധിച്ചതെന്നായിരുന്നു സൂചന. എന്നാല്‍ മകന് രോഗമില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha























