തിരുവന്തപുരത്ത് വീട്ടമ്മ 12അടി താഴ്ചയുള്ള കുഴിയിൽ വീണു; പത്തനംതിട്ടയിൽ പൂച്ചയുടെ തല പാത്രത്തിൽ കുടുങ്ങി ; രണ്ടിടത്തും രക്ഷകരായി അഗ്നിരക്ഷാസേന

കോവിഡ് കാലമാണ്.എല്ലാവരും വീടിനകത്തു ലോക്ക് ഡൗണിലും .എന്നാൽ ഇതിലൊന്നുംപെടാത്തവരാണ് ആരോഗ്യവകുപ്പ് ,ഫയർ ഫോഴ്‌സ്,പോലീസ് തുടങ്ങിയ കുറച്ചു വിഭാഗങ്ങൾ. അവർ ഏതുസമയത്തും കർമ്മ നിരതരാണ്. വിളിച്ചാൽ വിളിപ്പുറത്ത് ഓടിയെത്തി സഹായ ഹസ്തം നീട്ടുന്നവർ.അങ്ങനെയൊരു വാർത്തയാണിത്. ഇവിടെ താരങ്ങൾ അഗ്നിരക്ഷാ സേനയാണ്. ഒന്ന് തിരുവന്തപുരത്താണെങ്കിൽ മറ്റൊന്ന് പത്തനംതിട്ടയിലാണ് എന്ന് മാത്രം.
ശുചിമുറിക്കായി കുഴിച്ച 12അടി താഴ്ചയുള്ള കുഴിയിൽ വീണ വീട്ടമ്മയെ രക്ഷിച്ച് , കയ്യടി നേടുകയാണ് വിഴിഞ്ഞത്തെ ഫയർഫോഴ്സ് . കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പെരിങ്ങമ്മല വട്ടവിള പുത്തൻ വീട്ടിൽ രാജന്റെ ഭാര്യയായ ലീലയാണ് ശുചിമുറിക്കായി കുഴിച്ച കുഴിയിൽ വീണത്.പുതുതായി നിർമാണത്തിലുള്ള വീടിനോടു ചേർന്നായിരുന്നു കുഴി. 12അടി താഴ്ചയുള്ള കുഴിയിൽ വീണ വീട്ടമ്മയെ അതി സാഹസികമായാണ് രക്ഷപെടുത്തിയത്. അൻപത്തെട്ടുകാരിയായ ഇവർ വീട്ടുമുറ്റത്തോട്ടിറങ്ങിയപ്പോൾ അബദ്ധത്തിലാണ് കുഴിയിൽ വീണതെന്നു ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. കുഴി മൂടിയിടുകയോ ഒന്നും ചെയ്തിരുന്നില്ല .വ്യാസം കുറവായിരുന്ന കുഴിയിലേക്ക് കസേര കെട്ടിയിറക്കിയാണ് ഇവരെ രക്ഷപെടുത്തിയത്
കൈകാലുകൾക്ക് സാരമായി പരുക്കേറ്റ ലീലയെ ആശുപത്രിയിലെത്തിച്ചു. സ്റ്റേഷൻ ഓഫിസർ രാമമൂർത്തി, അസി. സ്റ്റേഷൻ ഓഫിസർ ഹരേഷ്കുമാർ, എഫ്ആർഒ മാരായ രതീഷ്, ആനന്ദ്, സജി, ഡ്രൈവർ സജി, ഹോംഗാർഡ് രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ ദൗത്യം.
കോവിഡ് കാലത്ത് മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും കരുതുകയാണു അഗ്‌നിശമന സേന. ലോക്ക് ഡൗണില്‍ പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ പാത്രം തലയില്‍ കുടുങ്ങി വിഷമിച്ച പൂച്ചയ്ക്കും രക്ഷകരായി എത്തിയത് അഗ്‌നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥരാണ് .
ചെന്നീര്‍ക്കര പാഞ്ചജന്യം വീട്ടില്‍ വീണാ ചന്ദുവിന്റെ വളര്‍ത്തുപൂച്ചയാണ് സ്റ്റീല്‍ പാത്രത്തില്‍ തല കുടുങ്ങി രക്ഷപെടാനാകാതെ ബുദ്ധിമുട്ടിയത് . വീട്ടുകാര്‍ ശ്രമിച്ചെങ്കിലും പൂച്ചയെ രക്ഷിക്കാനാകാതെ വന്നപ്പോള്‍ അഗ്‌നിശമനസേനയുടെ സഹായം തേടുകയായിരുന്നു.
ജില്ലാ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ പി.മാത്യു, രഞ്ജി രവി, സജി കുമാര്‍ എന്നിവര്‍ കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ച് പൂച്ചയെ രക്ഷപെടുത്തി.കോവിഡ് കാലത്തു മനുഷ്യർക്കും മൃഗങ്ങൾക്കുമെല്ലാം ഒരുപോലെ സാന്ത്വനത്തിന്റെ കരുതൽ സ്പര്ശമാകുകയാണ് ഈ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ .
https://www.facebook.com/Malayalivartha























