കുറച്ച് വെള്ളരിക്കയും തേങ്ങയുരിച്ചതുമാണ് സഞ്ചിയിൽ"കനം കൊണ്ട് നടക്കാൻ കയിന്നില്ല"; പൊരിവെയിലത്ത് മകളുടെ വീട്ടിലേക്ക് ചെരിപ്പിടാതെ നടക്കുന്ന ഒരമ്മ- . "സമൂഹത്തിന്‍റെ നേർക്കാഴ്ച്ചകൾ നേരെ കാണുന്ന നമ്മൾ പോലീസുകാർക്ക് കണ്ണട വേണ്ട കാണാൻ..." തളിപ്പറമ്പ ഡി വൈ എസ് പി യുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

ലോക്ക് ഡൗണ്‍ കാലത്ത് ഹൃദയസ്പര്‍ശിയായ, നമ്മുടെ കണ്ണ് തുറപ്പിക്കുന്ന കുറിപ്പുമായി കണ്ണൂരില്‍ നിന്നും ഒരു പോലീസുകാരന്‍. "സമൂഹത്തിന്‍റെ നേർക്കാഴ്ച്ചകൾ നേരെ കാണുന്ന നമ്മൾ പോലീസുകാർക്ക് കണ്ണട വേണ്ട കാണാൻ..." എന്നു കുറിക്കുന്ന രത്നകുമാര്‍ എന്ന തളിപ്പറമ്പ ഡി വൈ എസ പി പയ്യന്നൂരിലേക്കുള്ള യാത്രാ മധ്യേ ഉണ്ടായ ഒരനുഭവമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്നലെ പകൽ 11.30 മണിക്ക് പയ്യന്നൂരിലേക്കുള്ള യാത്രാമദ്ധ്യേ കുപ്പത്ത് എത്തിയ സമയം പൊരിവെയിലിൽ നാഷണൽ ഹൈവേയിൽ കൈയ്യിൽ ഭാരമുള്ള ഒരു കെട്ടുമായി ഒരമ്മ .. നഗ്നപാദയായി... വണ്ടി നിർത്തി. എവിടുന്ന് വരുന്നു? എങ്ങോട്ടേക്കാ ഈ വെയിലത്ത്? "പരിയാരത്ത് അയരോളത്ത് നിന്നും രാവിലെ പുറപ്പെട്ടതാണ് കല്യാശേരി മോളടുത്തേക്ക.. രാവിലെ ഏഴിന് പുറപ്പെട്ടതാ കുറച്ച് വെള്ളരിക്കയും തേങ്ങയുരിച്ചതുമാണ് സഞ്ചിയിൽ .കനം കൊണ്ട് നടക്കാൻ കയിന്നില്ല" ."കല്യാശേരിയിൽ നായനാരുടെ വീടുകഴിഞ്ഞ് കുറച്ചം കൂടി നടന്നാൽ മകളുടെ വാടക വീട്ടിലെത്താം."എന്നായിരുന്ന് കണ്ണൂരിന്റെ തനതു ശൈലിയിൽ ആ അമ്മയുടെ മറുപടി . ഇത്ര ദൂരം നടന്നിട്ടും നിങ്ങളെ ആരും കണ്ടില്ലേ ? "കണ്ടിറ്റിണ്ടാവും ആരും ഒന്നും ചോയ്ച്ചിറ്റ്ല" കൈയിൽ ആരുടേയെങ്കിലും ഫോൺ നമ്പറുണ്ടോ? ഇല്ല: .വീട്ടിൽ ഒറ്റയ്ക്കാ ?"അതെ" എന്നും..എന്തിനാ ഇപ്പം മോളടുത്തേക്ക് പോകുന്നത് ?മോള കുട്ടിക്ക് സുഖമില്ലാന്ന് അയലക്കത്ത് വിളിച്ചിന്. കാണാൻ തോന്നി. ഇപ്ളത്തെ സൂക്കേട് ഒന്നുല്ല കെട്ടാ .". ഇത്ര ദൂരം നിങ്ങക്ക് നടക്കാൻ കഴിയുമോ ?"എന്നാ പിന്നെ മോൻ എതെങ്കിലും വണ്ടിക്കേറ്റി ആടെ എറക്കാൻ പറ ".എന്നായിരുന്നു എ അമ്മയുടെ മറുപടി എന്നും രത്‌നകുമാർ പറയുന്നു.ഒന്നും ആലോചിച്ചില്ല കൈയിലുള്ള കെട്ടു വാങ്ങി എൻ്റെ വണ്ടിയിൽ വച്ച് വണ്ടി തിരിച്ച് അമ്മയേയും കൂട്ടി കുറച്ച് കറങ്ങിയെങ്കിലും മകളുടെ അടുത്താക്കി അമ്മയുടെ സന്തോഷത്തിൽ ഞങ്ങളും ചേർന്നു .. അവരുമായി ബന്ധപ്പെട്ട ചിലത് ഇവിടെ പങ്കുവെക്കാനാവില്ല. കണ്ണട ഇല്ലാത്തതിനാൽ പലർക്കും ഇവരെ കാണാൻ കഴിഞ്ഞില്ല. ഇത്രയും ദൂരം നടന്നിട്ടും .....സമൂഹത്തിൻ്റെ നേർക്കാഴ്ച്ചകൾ നേരെ കാണുന്ന നമ്മൾ പോലീസുകാർക്ക് കണ്ണട വേണ്ട കാണാൻ...എന്ന് പറഞ്ഞാണ് തളിപ്പറമ്പ ഡിവൈ എസ പി രത്നകുമാറിന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്. എന്നാൽ ഈ വാക്കുകൾ പകരുന്നത് നമുക്കു ഒരു സന്ദേശമാണ്.കണ്ണുണ്ടായിട്ടും കാണേണ്ട കാഴ്ചകൾ പലതും കാണാതെ പോകുന്ന,കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്ന നമുക്കു ഓരോരുത്തർക്കുമുള്ള മറുപടി..
https://www.facebook.com/Malayalivartha























