കോഴിക്കോട്ട് ഇന്ന് രോഗം സ്ഥിരീകരിച്ചയാളുടെ ദുബൈയിലെ സഹപ്രവര്‍ത്തകനും കോവിഡ്; ദുബൈയില്‍നിന്ന് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്ത വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി

കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഗള്‍ഫില്‍നിന്ന് വന്നയാള്‍ക്ക്. ഇദ്ദേഹം ഭാര്യയോടൊപ്പം മാര്‍ച്ച് 22ന് പുലര്‍ച്ച 3.15നുള്ള എമിറേറ്റ്സ് വിമാനത്തില്‍ (EK564) ദുബൈയില്‍നിന്ന് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 8.30ന് എത്തി. തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതരുടെ നിര്‍ദേശപ്രകാരം വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി.
ഇതിനുശേഷം ഇന്‍ഡിഗോ വിമാനത്തില്‍ (6E.7974) വൈകീട്ട് 5.15ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഇവിടെനിന്ന് എയര്‍പോര്‍ട്ട് ടാക്സി കാറില്‍ കുന്നുമ്മക്കര പയ്യത്തൂരിലെ വീട്ടിലേക്ക് പോയി.
രാത്രി 7.30ഓടെ വീട്ടിലെത്തി ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ഏപ്രില്‍ 14ന് ദുബൈയിലെ സഹപ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ച വിവരം മനസ്സിലാക്കി ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയുമായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം വടകര കോവിഡ് കെയര്‍ സെന്ററില്‍ ആംബുലന്‍സിലെത്തി സാമ്ബിള്‍ നല്‍കി.
ശനിയാഴ്ച സാമ്ബിള്‍ പോസിറ്റീവ് ആണെന്ന് വിവരം ലഭിച്ച ഉടനെ തന്നെ ഇദ്ദേഹത്തെ വൈകീട്ട് 5.30ഓടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ നില തൃപ്തികരമാണ്. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
അതേസമയം 2 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
https://www.facebook.com/Malayalivartha























