ലോക്ഡൗണില്‍ സംസ്ഥാനത്തുടനീളം അടഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ 21 മുതല്‍ മൂന്നിലൊന്നു ജീവനക്കാരുമായി പ്രവര്‍ത്തിക്കും... മാറ്റിവെച്ച യൂണിവേഴ്സിറ്റി പരീക്ഷകള്‍ മേയ് 11 മുതല്‍ ആരംഭിക്കും

ലോക്ഡൗണില്‍ സംസ്ഥാനത്തുടനീളം അടഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ 21 മുതല്‍ മൂന്നിലൊന്നു ജീവനക്കാരുമായി പ്രവര്‍ത്തിക്കും. ഉന്നതോദ്യോഗസ്ഥരെല്ലാം ഹാജരാകണം. ശനിയാഴ്ച അവധിയായിരിക്കും. അവശ്യസേവനവിഭാഗങ്ങളിലെ ഓഫീസുകള്‍ക്ക് ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. എല്ലാ സഹകരണസ്ഥാപനങ്ങളും 33 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ 35 ശതമാനം ജീവനക്കാരെ അനുവദിക്കണം.
ചുവപ്പുമേഖലയില്‍പ്പെട്ട കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറക്കാനാണ് ഉത്തരവ്. ഇതില്‍ പ്രായോഗിക തടസ്സങ്ങളുണ്ട്. എങ്കിലും ആ ജില്ലകളിലും പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെ അടിസ്ഥാനസേവനം നല്‍കുന്ന ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. ജില്ലവിട്ട് യാത്രചെയ്യാന്‍ വിലക്കുള്ളതിനാല്‍ മറ്റു ജില്ലകളില്‍ താമസിക്കുന്നവര്‍ക്ക് ജോലിക്കു ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ട്. അതിനാല്‍, അതത് ജില്ലകളിലെ ജീവനക്കാരെ മാത്രം നിയോഗിച്ചേക്കും. ഹാജരാകാനാവാത്തവരോട് കടുംപിടിത്തമുണ്ടാകില്ല.
സര്‍ക്കാര്‍ ഓഫീസ് തുറക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
ആരോഗ്യം, പോലീസ്, ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, അഗ്‌നിരക്ഷാസേന, ദുരന്തനിവാരണം, ജയിലുകള്‍, അളവുതൂക്കപരിശോധന, മുനിസിപ്പല്‍, പഞ്ചായത്ത് സര്‍വീസ് എന്നിവ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിക്കും. മറ്റു വകുപ്പുകളുടെ ഓഫീസുകളില്‍ 33 ശതമാനം ജീവനക്കാര്‍ മാത്രം. ക്ലാസ് ഒന്ന്, രണ്ട് ഓഫീസര്‍മാരെല്ലാം ഹാജരാകണം. പൊതുജന സേവനങ്ങളൊന്നും മുടങ്ങരുത്. ജില്ലാ ഭരണകൂടവും ട്രഷറിയും ഫീല്‍ഡ് കണക്കെടുപ്പുവിഭാഗവും നിയന്ത്രിത എണ്ണം ജീവനക്കാരുമായി പ്രവര്‍ത്തിക്കും.
വനംവകുപ്പ് ഓഫീസുകള്‍, മൃഗശാല, നഴ്സറികള്‍, വന്യജീവി, കാട്ടുതീ അണയ്ക്കല്‍, തോട്ടങ്ങള്‍ നനയ്ക്കാനുള്ളവര്‍, പട്രോളിങ്, ഗതാഗതം എന്നിവയും പ്രവര്‍ത്തിക്കും. ഇളവുള്ള ജില്ലകളില്‍ നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇലക്ട്രിക്കല്‍ സാധനങ്ങളുടെ വില്‍പ്പനയും അനുവദിക്കും. ഇളവുള്ള ജില്ലകളില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാം.
ചരക്കുഗതാഗതം പൂര്‍ണമായും പുനരാരംഭിക്കും. ട്രക്കുകള്‍ക്കും മറ്റു ചരക്കുവാഹനങ്ങള്‍ക്കും രണ്ട് ഡ്രൈവര്‍മാര്‍ക്കും ഒരു സഹായിക്കും അനുമതി. ചരക്കിറക്കിയശേഷം വണ്ടി കാലിയായി മടങ്ങാം. ഹൈവേകളില്‍ വര്‍ക്ഷോപ്പുകള്‍ക്കും ധാബകള്‍ക്കും പ്രവര്‍ത്തനാനുമതി . അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇളവുകള്‍ വരുന്നതോടെ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. റെസ്റ്റോറന്റുകളും വൈകീട്ട് ഏഴുവരെ തുറക്കും.
വ്യവസായസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ഇളവുകള്‍ പിന്‍വലിക്കും.
മാറ്റിവെച്ച യൂണിവേഴ്സിറ്റി പരീക്ഷകള്‍ മേയ് 11 മുതല്‍ ആരംഭിക്കും. പരീക്ഷകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം. ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം. കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ 20 മുതല്‍ അധ്യാപകര്‍ വീട്ടിലിരുന്ന് നടത്തും
അവശ്യസേവന യാത്രകള്‍ക്കുമാത്രമേ മറ്റൊരു ജില്ലയിലേക്ക് യാത്ര അനുവദിക്കൂ.പരമാവധി മൂന്നുപേര്‍ക്ക് ഒരു കാറില്‍ പോകാം. സംസ്ഥാനാന്തര യാത്രയില്‍ സെല്‍ഫ് ഡിക്ലറേഷന്‍ വേണം. ഓഫീസുകളില്‍ പോകുന്നവര്‍ക്ക് ഓഫീസിലെ തിരിച്ചറിയല്‍ കാര്‍ഡ് മതി
https://www.facebook.com/Malayalivartha























