ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പരക്കെ ആശയക്കുഴപ്പം... പുതിയ ഉത്തരവ് ഇറക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം ആരംഭിച്ചു... പുതിയ ഉത്തരവ് അറിയേണ്ടതെല്ലാം...

കഴിഞ്ഞ ദിവസം രാത്രി ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ 14 പേജ് നീണ്ട ഉത്തരവില്‍ പരക്കെ ആശയക്കുഴപ്പം. ഇതേതുടര്‍ന്ന് പുതിയ ഉത്തരവ് ഇറക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം ആരംഭിച്ചു. ജില്ലകളെ കൊവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് നാല് സോണുകളായി തിരിക്കുന്നതാണ് ഉത്തരവിന്റെ ആദ്യ ഭാഗം. ഇതിലാകട്ടെ ചുവപ്പ് വിഭാഗത്തിലുള്ള ജില്ലകളില്‍ മേയ് 3 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എന്നും ഓറഞ്ച് എ വിഭാഗത്തില്‍പെട്ട മൂന്ന് ജില്ലകളില്‍ ഈമാസം 24 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എന്നും പറയുന്നു. ഓറഞ്ച് ബി, പച്ച വിഭാഗങ്ങളില്‍ 20 വരെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എന്നാണ് പറഞ്ഞിട്ടുള്ളത്.
രണ്ടാം ഭാഗത്ത് ഇളവുകള്‍ ഓറഞ്ച് എ ജില്ലകളില്‍ 24 മുതലും ഓറഞ്ച് ബി ജില്ലകളില്‍ 20 മുതലും പ്രാബല്യത്തില്‍ വരുമെന്നാണ് പറയുന്നത്. അവസാന ഭാഗത്താകട്ടെ പച്ച വിഭാഗത്തില്‍ പെട്ട കോട്ടയം, ഇടുക്കി ജില്ലകളില്‍ 20ന് ശേഷം നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ എന്നു പറഞ്ഞാണ് അവ വിശദീകരിക്കുന്നത്.ഇത്തരത്തില്‍ തീയതി സംബന്ധിച്ച ആശയക്കുഴപ്പം ആണ് ഉത്തരവിലുടനീളം. ഇത് സര്‍ക്കാര്‍ വൃത്തങ്ങളില്‍ വ്യാപകമായ ആക്ഷേപത്തിന് വഴിവച്ചതോടെയാണ് തിരക്കിട്ട് ഉത്തരവ് തിരുത്തുന്നത്. പുതിയ ഉത്തരവ് ഇന്ന് തന്നെ ഇറങ്ങിയേക്കും.
അതേ സമയം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ ഇളവ്. കൊറോണ തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്റിലൂടെയാണ് അറിയിച്ചത്.
ആയുഷ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവനങ്ങളും അനുവദിക്കും, കാര്‍ഷിക വൃത്തിക്കും മത്സ്യബന്ധനത്തിനും തടസമില്ല, അന്‍പത് ശതമാനം ജോലിക്കാരെ നിയോഗിച്ച് പ്ലാന്റേഷന്‍ ജോലികളും നാളെ മുതല്‍ പുനരാരംഭിക്കാം, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളും ഇളവുകളില്‍ പെടും,സാമൂഹിക അകലം പാലിച്ചും, മാസ്‌കുകള്‍ ധരിച്ചും തൊഴിലുറപ്പ് ജോലികള്‍ പുനരാരംഭിക്കാം. ചരക്ക് നീക്കം സുഗമമാക്കാം തുടങ്ങിയവയും ഇളവുകളില്‍ ഉണ്ട്.
ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയാലും ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ. രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ കാലയളവിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ ദുരീകരിച്ചു കൊണ്ട് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ സ്വയം നിയന്ത്രിച്ച് അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് അവശ്യ യാത്രകള്‍ക്ക് മാത്രമെ അനുവാദം നല്‍കൂ. മറ്റുള്ളവര്‍ക്ക് ജില്ലയ്ക്കുള്ളില്‍ മാത്രമെ യാത്ര അനുവദിക്കൂ. വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക, ഇരട്ടയക്ക നിയന്ത്രണം വരുന്നതോടെ 40 ശതമാനം വണ്ടികള്‍ കുറയുമെന്നാണ് വിലയിരുത്തല്‍. പരമാവധി മൂന്നു പേര്‍ക്ക് കാറില്‍ യാത്ര ചെയ്യാം. അവശ്യ യാത്രകള്‍ക്കാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ അനുമതി നല്‍കുക. സത്യവാങ്മൂലം ഉണ്ടാകുന്നതാണ് നല്ലത്.
എന്നാല്‍ നിര്‍ബന്ധമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഫീസുകളില്‍ പോകുന്നവര്‍ ഓഫീസിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഓഫീസുകളും പൂര്‍ണമായി തുറക്കാന്‍ അനുവദിച്ചിട്ടില്ല. അവശ്യ സര്‍വ്വീസുകള്‍ ഒഴികെ ബാക്കിയുള്ളവ കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ലോക്ക് ഡൗണില്‍ ഏപ്രില്‍ 20 ന് ശേഷം ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടകയും. കഴിഞ്ഞ 28 ദിവസങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചറിയാനും മറ്റ് മേഖലകളില്‍ നിയന്ത്രണത്തോടെ ഇളവുകള്‍ അനുവദിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.
നിയന്ത്രണങ്ങള്‍ തുടരുന്ന മേഖലയ്ക്ക് പുറത്ത് ഇരുചക്ര വാഹനങ്ങളും ചരക്ക് വാഹനങ്ങളും അനുവദിക്കും. പാസുള്ള കാറുകളും അനുവദിക്കും. എന്നാല്‍ കാറുകള്‍ക്ക് പുതിയ പാസുകള്‍ നല്‍കില്ല. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക്നോളജി കമ്പനികളിലെ ജീവനക്കാരെ വീട്ടില്‍ നിന്നും ഇരുന്ന് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ജീവനക്കാരില്‍ മൂന്നിലൊന്നു പേര്‍ക്ക് ഓഫീസുകളില്‍ എത്താന്‍ അനുവാദം നല്‍കും.
"
https://www.facebook.com/Malayalivartha























