ഉപ്പും മഞ്ഞളും കലക്കിയ വെള്ളം ഉപയോഗിച്ച് വായിൽ കൊള്ളുന്നവര്‍ക്ക് അശാസ്ത്രീയ വാദവുമായി കര്‍ണാടക ആരോഗ്യമന്ത്രി; ചൈനയിലെ ആളുകളും ഇത് ചെയ്തിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി

ഉപ്പുവെള്ളവും മഞ്ഞളും കൊറോണയെ ഭേദപ്പെടുത്തുമെന്ന് അശാസ്ത്രീയ വാദവുമായി കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു. ബെല്ലാരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഈ വാദമുന്നയിച്ചത്.ഉപ്പും മഞ്ഞളും കലക്കിയ വെള്ളം ഉപയോഗിച്ച് വായിൽ കൊള്ളുന്നവര്‍ക്ക് കൊറോണ രോഗം ഭേദമായിട്ടുണ്ട്. ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കണം. ചൂടുവെള്ളം കുടിക്കുന്നതും കൊറോണ വരാനുള്ള സാധ്യത ഇല്ലാതാക്കും.ചൈനയിലെ ആളുകളും ഇത് ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.
താനൊരു ഡോക്ടറല്ലെന്നും ചില ആരോഗ്യ ലേഖനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. വെയില്‍ കൊള്ളുന്നത് കൊറോണ രോഗം ഭേദപ്പെടുത്തുമെന്ന് ശ്രീരാമുലു നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്നതിനിടയില്‍ കര്‍ണാടക ബിജെപിയിലും പ്രതിസന്ധി രൂപപ്പെടുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി ബി.എസ്.യെദ്യൂരപ്പയും ആരോഗ്യ മന്ത്രി ബി.ശ്രീരാമുലുവും തമ്മില്‍ പരസ്യ തര്‍ക്കത്തിലേര്‍പ്പെട്ടു.
കൊറോണവൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും ചൊവ്വാഴ്ച യെദ്യൂരപ്പ ശ്രീരാമുലുവില്‍ നിന്ന് എടുത്തുമാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകറിന് കൈമാറിയതോടെയാണ് തര്‍ക്കം മറനീക്കി പുറത്തുവന്നത്.രാജ്ഭവന്‍ ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശ്രീരാമുലുവിന്റെ കഴിവുകേട് ചൂണ്ടിക്കാട്ടി കന്നഡ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ യെദ്യൂരപ്പ തീരുമാനം റദ്ദാക്കി. ശ്രീരാമുലുവിന് വീണ്ടും കൊറോണയുമായി ബന്ധപ്പെട്ട ചുമതലകള്‍ നല്‍കി. ഇത് കൂടുതല്‍ ആശയക്കുഴപ്പത്തിനിടയാക്കി.
രാജിക്കത്തുമായി ശ്രീരാമുലു യെദ്യൂരപ്പയുടെ വീട്ടിലേക്കെത്തിയതിന് പിന്നാലെയാണ് നേരത്തെയുള്ള തീരുമാനം അദ്ദേഹം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചുമതലയില്‍ നിന്ന് നീക്കിയതിന് വിശദീകരണം ആവശ്യപ്പെട്ട ശ്രീരാമുലു മുഖ്യന്ത്രിയോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഈ തീരുമാനം നേരത്തെ ചുമതല കൈമാറിയ മന്ത്രി.കെ.സുധാകറിനെ പ്രകോപിപ്പിച്ചു. നേരത്തെ കോണ്‍ഗ്രസിലായിരുന്ന സുധാകര്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബിജെപിയിലെത്തിയത്. കോണ്‍ഗ്രസ് വിമതരായി പാര്‍ട്ടി വിട്ട 17 എംഎല്‍എമാരില്‍ ഒരാളയ സുധാകര്‍ ചിക്കബല്ലപുരില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിയാകുകയായിരുന്നു. ഡോക്ടറും കൂടിയായ അദ്ദേഹത്തിന് മെഡിക്കല്‍ വിഭ്യാഭ്യാസത്തിന്റെ ചുമതലായാണ് യെദ്യൂരപ്പ നല്‍കിയത്.
സംസ്ഥാനത്ത് കൊറോണ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ശ്രീരാമുലുവിനെ സഹായിക്കാന്‍ സുധാകറിനോട് യെദ്യൂരപ്പ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ആരോഗ്യ രംഗത്തുള്ള തന്റെ അനുഭവസമ്പത്തുകൂടി ഉപയോഗപ്പെടുത്തിയ സുധാകര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പ്രതിപക്ഷത്തിന്റെയടക്കം കൈയടി നേടി. മാധ്യമങ്ങളിലും സുധാകര്‍ നിറഞ്ഞുനിന്നു.
എന്നാല്‍ ഉപമുഖ്യന്ത്രിയാകാത്തതില്‍ നേരത്തെ തന്നെ ഇടഞ്ഞുനില്‍ക്കുന്ന ശ്രീരാമുലുവിന് ഇത് രസിച്ചില്ല. ഇതിന് പിന്നാലെയാണ് കൊറോണയുടെ ചുമതലകള്‍ പൂര്‍ണ്ണമായും യെദ്യൂരപ്പ സുധാകറിന് കൈമാറിയത്. ഇത് ശ്രീരാമുലുവിനെ കൂടുതല്‍ പ്രകോപിപ്പിച്ചു. മുന്‍കൂട്ടി അറിയിക്കാതെ തന്നെ യെദ്യൂരപ്പയുടെ വീട്ടിലെത്തിയ ശ്രീരാമുലു അവിടെ വച്ച് പൊട്ടിത്തെറിച്ചു സംസാരിച്ചതായാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha























