നിയന്ത്രണങ്ങള്‍ നീക്കിയാല്‍ രോഗം തിരിച്ചു വരുമെന്ന് ഐഎംഎ

ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നത് രോഗത്തിന്റെ തിരിച്ചു വരവിനു കാരണമാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). പരിമിതമായ ടെസ്റ്റുകള്‍ നടത്താനുള്ള സാഹചര്യം മാത്രമാണു നിലവിലുള്ളത്. അതുകൊണ്ടു തന്നെ ചെയ്യുന്ന ടെസ്റ്റുകളുടെ എണ്ണം കുറയുകയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്.
ഇതുവരെ സമൂഹവ്യാപനം കണ്ടെത്തുവാന്‍ വേണ്ടിയുള്ള പരിശോധനകള്‍ ആരംഭിച്ചിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് അതീവ ജാഗ്രതയോടുകൂടിയും ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തിലുമായിരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന ഘടകം മുന്നറിയിപ്പ് നല്‍കി.
നിയന്ത്രണങ്ങള്‍ നീക്കേണ്ടത് ഹോട്ട്സ്പോട്ടായിരുന്ന മേഖലകളില്‍ ഒരു ലക്ഷത്തില്‍ 500 പേര്‍ക്കും അല്ലാത്ത മേഖലകളില്‍ ഒരു ലക്ഷത്തില്‍ 100 പേര്‍ക്കും പരിശോധന നടത്തി കോവിഡിന്റെ യഥാര്‍ഥ സ്വഭാവം മനസ്സിലാക്കിയതിനുശേഷം മാത്രമാകണം. ഇതിനായി രോഗലക്ഷണങ്ങള്‍ ഉള്ള എല്ലാവര്‍ക്കും ഏതെങ്കിലും തരത്തിലുള്ള പിസിആര്‍ ടെസ്റ്റിങ്ങും അല്ലാത്ത മേഖലകളില്‍ ആന്റിബോഡി ടെസ്റ്റിങ്ങും ഉപയോഗിക്കാവുന്നതാണ്.
നിയന്ത്രണങ്ങളില്‍ അയവുവരുത്തുകയാണെങ്കില്‍ അന്തര്‍-ജില്ലായാത്രകളിലുള്ള നിരോധനവും പല തൊഴില്‍ മേഖലകളില്‍ സാമൂഹിക അകലം പാലിക്കുവാനുള്ള നിര്‍ദേശങ്ങളും നടപ്പിലാക്കുക പ്രായോഗികമല്ല. ഈ വസ്തുതകള്‍ പരിഗണിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ക്കു ശേഷം മാത്രമേ നിയന്ത്രണങ്ങളില്‍ അയവു വരുത്താവൂ എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ശാഖ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























