പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് അമിത വേഗത്തില്‍ ബൈക്കോടിച്ചെത്തിയ യുവാവ് സ്വയം തീകൊളുത്തി

ഇടുക്കി ജില്ലയില്‍ രാജകുമാരി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ബൈക്ക് പൊലീസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. നിരോധനാജ്ഞ ലംഘിച്ച് അമിത വേഗത്തില്‍ പാഞ്ഞതിനാണ് പോലീസ് വാഹനം പിടിച്ചെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ സൂര്യനെല്ലി സ്വദേശി വിജയ പ്രകാശിനെ(23) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടൗണിലും പരിസര പ്രദേശങ്ങളിലും ഇന്നലെ ഉച്ചയോടെ യുവാവ് ബൈക്കില്‍ അമിത വേഗത്തില്‍ പായുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. സൂര്യനെല്ലി വിലക്കിനു സമീപം ശാന്തന്‍പാറയില്‍ നിന്നുള്ള പൊലീസ് സംഘം വാഹന പരിശോധന നടത്തുമ്പോള്‍ വിജയ പ്രകാശ് ബൈക്കിലെത്തി. ബൈക്ക് കസ്റ്റഡിയില്‍ എടുത്ത പൊലീസ് സംഘം പേരും മേല്‍വിലാസവും രേഖപ്പെടുത്തിയ ശേഷം വിജയ പ്രകാശിനെ പോകാന്‍ അനുവദിച്ചു.
സൂര്യനെല്ലി ടൗണില്‍ എത്തിയപ്പോഴാണ് ഇയാള്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയത്. നാട്ടുകാര്‍ തീ അണച്ച ശേഷം അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. ഏതാനും ദിവസം മുന്‍പ് ചൂടുള്ള ചിക്കന്‍ കറിയും ചോറും ലഭിച്ചില്ല എന്ന് ആരോപിച്ച് വീട്ടുകാരെ മര്‍ദിക്കുകയും വീട് തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ശാന്തന്‍പാറ പൊലീസ് കേസ് എടുത്തിരുന്നു.
https://www.facebook.com/Malayalivartha























