ജീവന്റെ തുടിപ്പുമായി പറന്നിറങ്ങി; പിന്നെ എല്ലാം മിന്നൽ വേഗത്തിൽ; ആദ്യ ഹെലികോപ്ടര് ദൗത്യം വിജയകരം

ജീവന്റെ തുടിപ്പുകളോടുകൂടിയ ഹൃദയം വഹിച്ചുകൊണ്ടുള്ള ആദ്യ ഹെലികോപ്ടര് ദൗത്യം വിജയകരം. കണക്കുകൂട്ടലുകൾ പോലെ 3.50ഓടെ തന്നെ എറണാകുളം ബോള്ഗാട്ടിയിലെ ഗ്രാന്റ് ഹയാത്ത് ഹെലിപ്പാഡിലേക്ക് ഹെലികോപ്ടര് പറന്നിറങ്ങി. പിന്നെ എല്ലാം പെട്ടന്ന്. ഹെലികോപ്ടറില് നിന്നും ഹൃദയം വഹിച്ചുകൊണ്ട് ആരോഗ്യപ്രവര്ത്തകരും പൊലീസും കാത്ത് നിന്നിരുന്ന ആംബുലന്സിലേക്ക് കയറി. മുന്നിശ്ചയപ്രകാരം പൊലീസ് അകമ്ബടിയോടെ മിന്നല് വേഗത്തില് ആംബുലന്സ് ആശുപത്രിയിലേക്ക് തിരിച്ചു.
നാല് മിനിറ്റില് ആംബുലന്സ് ആശുപത്രിയില് എത്തി. ബോള്ഗാട്ടി മുതല് ലിസി ആശുപത്രി വരെ പൊലീസ് വാഹനഗതാഗതം നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നു.ഹൃദയം വഹിച്ചുകൊണ്ടുള്ള സംഘം ആശുപത്രിയിലെത്തി ഉടന് തന്നെ സര്ജറി ആരംഭിച്ചു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണര് വിജയ് സാഖ്റെ നേരിട്ടാണ് കൊച്ചിയിലെ പൊലീസ് ദൗത്യത്തിന് നേതൃത്വം വഹിച്ചത്. ലോക്ക് ഡൗണാണെങ്കിലും ഗതാഗതം നിയന്ത്രിക്കാന് പൊലീസിന് കര്ശന നിര്ദ്ദേശമാണ് അദ്ദേഹം നല്കിയിരുന്നു. കൊച്ചി ലിസി ആശുപത്രിയില് ചികില്സയിലുള്ള കോതമംഗലം സ്വദേശിയായ 49 വയസുള്ള സ്ത്രീക്കാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില് മസ്തിഷ്ക മരണം സംഭവിച്ച 50 വയസുള്ള സ്ത്രീയുടെ ഹൃദയം മാറ്റിവെക്കുന്നത്. ദാതാവില്നിന്നും ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ രണ്ടരയോടെയാണ് പൂര്ത്തിയാക്കിയ്ത്. തുടര്ന്ന് ഹൃദയവുമായി ആംബുലന്സ് മൂന്നോടെ എയര്പോര്ട്ടില് എത്തി. പിന്നീട് കൊച്ചിയിലേക്ക് ഹെലികോപ്ടര് പുറപ്പെടുകയായിരുന്നു. ഹൃദയം കൊണ്ടുപോകാനായി ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന് ഡോ. ജോസ് പെരിയപ്പുറവും സംഘവും നേരത്തെ തലസ്ഥാനത്തെത്തിയിരുന്നു. സര്ക്കാരിന്റെ മൃതസജ്ജീവനി പദ്ധതി വഴിയാണ് അവയവം കൈമാറുന്നത്.
https://www.facebook.com/Malayalivartha


























