ഡോ. പി. സരിന് വീണ്ടും വിവാദങ്ങളില് നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന് പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..

ഇടതുപക്ഷ രാഷ്ട്രീയത്തിലെ യുവമുഖവും സിപിഎം നേതാവുമായ ഡോ. പി. സരിന് വീണ്ടും വിവാദങ്ങളില് നിറയുന്നു. ഡല്ഹിയില് നടന്ന ഒരു സമരമുഖത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സിജെപി സംഘടനയെക്കുറിച്ച് സരിന് നടത്തിയ പരാമര്ശമാണ് പുതിയ രാഷ്ട്രീയ കോലാഹലത്തിന് തിരികൊളുത്തിയിരിക്കുന്നത്. പ്രസ്താവന വലിയ രീതിയില് ചര്ച്ചയാവുകയും പാര്ട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും കടുത്ത വിമര്ശനങ്ങള് ഉയരുകയും ചെയ്തതോടെ, തന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന് പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി.
ഇന്ന് ഡല്ഹിയിലെ സമരമുഖത്ത് നിന്നുകൊണ്ട് ചാനലുകളോട് പ്രതികരിക്കുമ്പോള് താന് നടത്തിയ പരാമര്ശം തന്റെ പാര്ട്ടിയുടേതല്ലെന്നും, അത് തന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവാണെന്നും സരിന് ഫേസ്ബുക്ക് കുറിപ്പില് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പാര്ട്ടിയുടെ പ്രത്യയശാസ്ത്രത്തോടും അതിന്റെ രാഷ്ട്രീയ പരിപാടികളോടും നീതിപുലര്ത്തുന്ന ഒരു പ്രസ്താവനയല്ല തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം സമ്മതിക്കുന്നു. സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സിജെപിയും മാര്ച്ചില് പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെക്കുക
മാത്രമാണ് താന് ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.'സിജെപി ആര്എസ്എസിന്റെ പദ്ധതിയാണ്' എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാന് കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കിക്കൊടുക്കരുത് എന്ന് പറയാന് മാത്രമാണ് താന് ആഗ്രഹിച്ചതെന്നും, എന്നാല് തന്റെ മനസ്സില് ഉദ്ദേശിച്ച കാര്യം കൃത്യമായി ആശയവിനിമയം ചെയ്യാന് കഴിഞ്ഞില്ലെന്നും സരിന് കൂട്ടിച്ചേര്ത്തു. അച്ചടക്കമുള്ള ഒരു പാര്ട്ടി അംഗം എന്ന നിലയില് ഇത് തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്ന് പൂര്ണ്ണമായും മനസ്സിലാക്കുന്നുവെന്നും, അതില് നിര്വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള പരാമര്ശങ്ങള് പുറത്തുവന്നത് സിപിഎം നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്.പാര്ട്ടി ഘടകങ്ങളില് നിന്നും മുതിര്ന്ന നേതാക്കളില് നിന്നും വിമര്ശനങ്ങള് ഉയര്ന്ന ഉടന് തന്നെ തിരുത്തുമായി സരിന് രംഗത്തെത്തിയത് തടിയൂരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന് പോരാടുന്ന മുഴുവന് സമരസഖാക്കള്ക്കും അഭിവാദ്യങ്ങള് അര്പ്പിച്ചുകൊണ്ടാണ് സരിന് തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
കൂടാതെ, തന്റെ തെറ്റുകള് ചൂണ്ടിക്കാണിച്ച പ്രിയ സഖാക്കള്ക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. 'ലാല്സലാം' എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.എങ്കിലും, സരിന്റെ ഈ ആവര്ത്തിച്ചുള്ള പ്രസ്താവന വിവാദങ്ങള് ഇടതുപക്ഷ ക്യാമ്പില് വലിയ ചര്ച്ചകള്ക്കാണ് വഴിതുറന്നിരിക്കുന്നത്. കോണ്ഗ്രസില് നിന്ന് സിപിഎമ്മിലേക്ക് എത്തിയ ഒരു നേതാവ് എന്ന നിലയില് പാര്ട്ടി ശൈലി പൂര്ണ്ണമായി ഉള്ക്കൊള്ളുന്നതില് സരിന് വീഴ്ച പറ്റുന്നുണ്ടോ എന്ന ചോദ്യം പാര്ട്ടി അണികള്ക്കിടയില് നിന്നുപോലും ഉയരുന്നുണ്ട്. അടിയന്തിരമായി വിഷയത്തില് പാര്ട്ടി തലത്തില് ഇടപെടലുകള് ഉണ്ടാകുമോ എന്നും വരും ദിവസങ്ങളില് വ്യക്തമാകും.
സിപിഎം ജനറല് സെക്രട്ടറി എംഎ ബേബി, സരിന്റെ പ്രസ്താവനയില് അതൃപ്തനാണ്. സിജെപിയുമായി സഹകരിക്കാനാണ് സിപിഎം തീരുമാനം.
https://www.facebook.com/Malayalivartha






















