സ്വപ്‌നയ്‌ക്ക് കുട്ടികളെ കാണാം; സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. കൂടാതെ സ്വപ്‌ന സുരേഷിന് കുട്ടികളെ കാണാനുള്ള അനുമതി കോടതി നല്‍കി. കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരുടെ ഹവാല ഇടപാടുകളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അന്വേഷണത്തിൽ വിദേശത്ത് നിന്ന് അടക്കം കോടികളുടെ ഇടപാടുകള്‍ സ്വപ്‌ന നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിട്ടുണ്ട്.
കോടികളുടെ ഹവാല പണം പ്രതികള്‍ കേരളത്തിലേയ്ക്ക് എത്തിച്ചതായാണ് വിവരം. കമ്മീഷനിലൂടെ ലഭിച്ച പണം ഹവാലയായി വിദേശത്ത് കൈമാറിയതായും സൂചനയുണ്ട്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് വേണ്ടിയും ഇത്തരത്തില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. എം.ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ കണ്‍സള്‍ട്ടന്‍സികളെ കുറിച്ച് അന്വേഷണം നടത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം
അതേസമയം റമീസിനെ എന്‍.ഐ.എ ചോദ്യം ചെയ്യുകയാണ്. റമീസ് നശിപ്പിച്ച ഫോണ്‍ സംബന്ധിച്ചാണ് വിവര ശേഖരണം നടത്തുന്നത്. നശിപ്പിച്ച ഫോണിലൂടെയാണ് സ്വര്‍ണക്കടത്ത് റാക്കറ്റ് നിയന്ത്രിക്കുന്നവരെ വിളിച്ചത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ ജലാല്‍, ഷറഫുദ്ദീന്‍, ഷഫീഖ് എന്നിവരെയും ചോദ്യം ചെയ്യും.
പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ ഐ ജി ക്ക് കത്ത് നല്‍കി. സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും.പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസല്‍ ഫാരിദ് എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























