തമിഴ്നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്ക്കുന്നുവെന്ന് പരാതി

പൊങ്കല്‍ സമ്മാനമായി ദരിദ്രവിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന പരാതിയുമായി തീര്‍ത്ഥാടകര്‍. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് പരാതിയുമായി രംഗത്തെത്തിയത്. മുണ്ടുകള്‍ റേഷന്‍ കടകളില്‍ നിന്ന് മറിച്ച് വിറ്റുവെന്നാണ് ആരോപണം.
തമിഴ്നാട്ടില്‍ നിന്നുള്ള മുണ്ടുകള്‍ ശബരിമലയില്‍ എത്തിയതെങ്ങനെയെന്ന് അധികൃതരോട് ചോദിച്ചപ്പോള്‍ അറിയില്ല എന്നാണ് മറുപടി നല്‍കിയതെന്നും തീര്‍ത്ഥാടകര്‍ പറയുന്നു. പാവപ്പെട്ട പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കേണ്ട മുണ്ടുകളാണ് ക്ഷേത്രാവശ്യത്തിനായി എത്തിച്ചിരിക്കുന്നതെന്നും തീര്‍ത്ഥാടകര്‍ ആരോപിച്ചു.
പമ്പയിലെ ഗണപതി കോവിലിന് സമീപമുള്ള ദേവസ്വം ബോര്‍ഡിന്റെ കെട്ടുനിറ കേന്ദ്രത്തില്‍ നിന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ മുദ്രയുള്ള ഇരുമുടികള്‍ കിട്ടിയത്. ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പമ്പയില്‍ കെട്ടുനിറക്കുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കാറുണ്ട്. 300 രൂപയാണ് ഒരു ഇരുമുടിക്കെട്ടിന് ഈടാക്കുന്നത്.
2025ലെ പൊങ്കല്‍ സമയത്ത് റേഷന്‍ കടകളിലെത്തിച്ച മുണ്ടുകളാണ് ശബരിമലയിലെത്തിയത്. പമ്പയിലെ കേന്ദ്രം ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണെങ്കിലും കരാറുകാരാണ് ഇരുമുടിക്കെട്ട് നിറച്ച് കൊടുക്കുന്നത്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























