ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്കി കെ.മുരളീധരന്

എസ്എംഎ മരുന്നുവിവാദത്തില് ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്. ഇന്ത്യന്‍ കമ്പനിയില്‍നിന്നു മരുന്നു വാങ്ങാനുള്ള നീക്കത്തിനെതിരെ മൂന്നു മുന്‍ ആരോഗ്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.കണ്ണൂര്‍ ആസ്ഥാനമായ ടോറസ് റെമഡീസ് എന്ന കമ്പനി ഇടതു സര്‍ക്കാരിന്റെ കാലത്തു നടത്തിയ മരുന്ന് ഇടപാടുകള്‍ സംശയാസ്പദമാണെന്ന് കഴിഞ്ഞ ദിവസം കെ.മുരളീധരന് പറഞ്ഞിരുന്നു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ ബന്ധുക്കള്‍ക്ക് ഈ കമ്പനിയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഈ കമ്പനിയില്‍നിന്നു മാത്രം കോടികളുടെ മരുന്നു മെഡിക്കല്‍ സര്‍വീസസ് കോര്പഷേറന് വഴി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വാങ്ങിക്കൂട്ടിയിരുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇടനിലക്കാരായി പ്രവര്‍ത്തിച്ച് കമ്പനി ലക്ഷങ്ങള്‍ ലാഭമുണ്ടാക്കിയെന്ന സംശയത്തിലാണ് വിജിലന്‍സിനെ കൊണ്ട് അന്വേഷണം നടത്താനുള്ള സര്‍ക്കാരിന്റെ നീക്കം.
ബെനാമി ഇടപാടല്ല നേരിട്ടുള്ള ബന്ധമാണ് പല നേതാക്കള്‍ക്കും കമ്പനിയുമായുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എസ്എംഎ രോഗികളുടെ മാതാപിതാക്കള്‍ക്കുള്ള ആശങ്കകള്‍ ഡോക്ടര്‍മാര്‍ തീര്‍ത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി പാര്‍ട്ടി സഹയാത്രികരായ വിദഗ്ധര്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവാദങ്ങള്‍ നിലനിര്‍ത്തണമെന്ന് ചിലര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും സര്‍ക്കാര്‍ അതിനില്ല. ഒരു കമ്പനിയില്‍നിന്നും പണം വാങ്ങുകയോ ആരെയും സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും കെ.മുരളീധരന് പറഞ്ഞു.
https://www.facebook.com/Malayalivartha

























