ഹെല്‍മറ്റുമില്ല... ലൈസന്‍സുമില്ല... മോഡിഫൈ ചെയ്ത ബൈക്കില്‍ അടിച്ചുപൊളി യാത്ര; പെണ്‍കുട്ടിക്ക് വീട്ടിലെത്തി പണികൊടുത്ത് മോട്ടര്‍ വാഹന വകുപ്പ്
ഹെല്‍മറ്റ് ധരിക്കാതെയും ലൈസന്‍സുമില്ലാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെണ്‍കുട്ടിക്കെതിരെ നിയമ നടപടി സ്വീകരിച്ച് മോട്ടര്‍ വാഹന വകുപ്പ്. ഹെല്‍മറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
കൊല്ലം പുന്തലത്താഴത്തുള്ള പെണ്‍കുട്ടിയാണ് രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റ് പോലും ധരിക്കാതെ ഓടിച്ചത്. ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോട്ടര്‍ വാഹന വകുപ്പ് നടപടി കൈക്കൊള്ളുകയായിരുന്നു. വിവിധ കുറ്റങ്ങളിലായി 20,500 രൂപ പിഴ ചുമത്തിയും പെണ്‍കുട്ടിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കുകയും മോട്ടോര്‍ വാഹന വകുപ്പ് ചെയ്തു.
അതേസമയം, ഗിയര്‍ ഇല്ലാത്ത സ്കൂട്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സാണ് പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ലൈസന്‍സ് ഉപയോഗിച്ച് ഗിയര്‍ ഉള്ള ബൈക്ക് ഓടിച്ചതിനു 10000 രൂപയും ബൈക്കില്‍ രൂപമാറ്റം വരുത്തിയതിന് 10000 രൂപയും ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് 500 രൂപയും ചേര്‍ത്താണ് 20,500 രൂപ പിഴ ചുമത്തിയത്.
https://www.facebook.com/Malayalivartha