ഇടിത്തീയായി ഇഡി... പിടിച്ച് നില്‍ക്കാനുള്ള അവസാന ശ്രമവും പൊളിച്ചടുക്കി അന്വേഷണ സംഘം; നേരായ മാര്‍ഗത്തിലൂടെയും അല്ലാതെയും സ്വപ്നയും കൂട്ടരും സമ്പാദിച്ചവ എല്ലാം കൈവിട്ട് പോകുന്നു; സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും നടപടി തുടങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടുപ്പിക്കുമ്പോള്‍

നാണം കെട്ടും പണമുണ്ടാക്കിയാല്‍ നാണക്കേടാ പണം തീര്‍ത്തുകൊള്ളുമെന്നാണ് പണ്ടത്തെ കാരണവന്‍മാര്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ വരെ അത് ശരിയായിരുന്നു. അതേസമയം സ്വപ്നയുടെ കാര്യം വന്നപ്പോള്‍ ദൈവം കണ്ണടച്ചു. അതോടെ നേരായ മാര്‍ഗത്തിലൂടെയും അല്ലാതെയും സമ്പാദിച്ച എല്ലാ സമ്പത്തും കൈവിടുകയാണ്.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് ഇഡി അഥവാ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റജിസ്‌ട്രേഷന്‍ വകുപ്പിനു കത്തുനല്‍കിയിരിക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്തിലൂടെയും അല്ലാതെയും വലിയ തുക ഇവര്‍ സമ്പാദിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഗുരുതര സാമ്പത്തിക കുറ്റം ചുമത്തുന്ന അവസരങ്ങളിലാണ് സ്വത്ത് കണ്ട് കെട്ടുന്നത്. ഇതോടെ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ പേരിലുള്ള സകല സമ്പാദ്യങ്ങളും സര്‍ക്കാരിന്റേതായി മാറും. വസ്തു, സ്വര്‍ണം, പണം, ബാങ്ക് ബാലന്‍സ് എല്ലാം പോകും. എന്തിന് സ്വപ്ന സ്വപ്നം കണ്ട് ബാങ്ക് ലോക്കറില്‍ പൊന്നുപോലെ സൂക്ഷിച്ച ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും കൈവിടും. ഇതൊടെ വല്ലാതെ തകര്‍ന്ന അവസ്ഥയിലാണ് സ്വപ്ന.
സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും പി.എസ്.സരിത്തിനെയും ഏഴ് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് ഇടിത്തീയായി ഇഡി രംഗത്തെത്തിയത്. എന്‍ഐഎ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതികളെ രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ഇഡി കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണക്കടത്തിന്റെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലും ഹവാല, ബെനാമി ഇടപാടുകളുമാണ് ഇഡി അന്വേഷിക്കുന്നത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 100 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ തിരുവനന്തപുരത്ത് തെളിവെടുപ്പ് തുടരുകയാണ്. സെക്രട്ടേറിയറ്റിന് സമീപത്തെ ഹെതര്‍ ഫ്‌ളാറ്റില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജലാല്‍, ഷാഫി, ഷറഫുദ്ദീന്‍, ഷെഫീഖ് എന്നീ പ്രതികളെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. ഇതിനിടെ, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കേസ് അന്വേഷിക്കുന്ന എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കും. യുഎഇയില്‍ നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണു വിവരം. ഇക്കാര്യത്തില്‍ യുഎഇയുടെ അനുമതി ആവശ്യമുണ്ട്.
അതേസമയം സ്വര്‍ണം കള്ളക്കടത്തിലെ മുഖ്യഇടപാടുകാരന്‍ കെ.ടി. റമീസിനെ പരിചയപ്പെട്ടതു തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റില്‍ വച്ചാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി നല്‍കി. അന്നു താനും പി.എസ്. സരിത്തും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായിരുന്നു. സരിത്താണ് തന്നെ റമീസിന് പരിചയപ്പെടുത്തിയത്. റമീസിനെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നും സ്വപ്‌ന പറഞ്ഞു.
ജൂണ്‍ 30ന് എത്തിയ ബാഗേജ് വിട്ടുകിട്ടാന്‍ അറ്റാഷെയുടെ ആവശ്യപ്രകാരമാണു കസ്റ്റംസ് ഓഫീസറെ വിളിച്ചത്. അറ്റാഷെയുടെ പേരില്‍ വന്ന സ്വകാര്യ ബാഗേജായിരുന്നു അത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ആ ദിവസങ്ങളില്‍ വിളിച്ചിട്ടില്ല. കോള്‍ ഡാറ്റകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. സ്വര്‍ണം പിടികൂടിയ ദിവസം താന്‍ ശിവശങ്കറെ വിളിച്ചിട്ടില്ല. എന്നാല്‍ ശിവശങ്കര്‍ വിളിച്ചിരുന്നു. അതു സ്വര്‍ണക്കടത്തുമായി ബന്ധമുള്ള വിഷയമായിരുന്നില്ലെന്നാണ് സ്വപ്ന പറയുന്നത്. എന്തായാലും സ്വത്ത് കണ്ടുകെട്ടുന്ന അവസ്ഥയില്‍ തകര്‍ന്നിരിക്കുകയാണ് സ്വപ്നയും കൂട്ടരും.
"
https://www.facebook.com/Malayalivartha
























