കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ 6 പേര്‍ റിമാന്‍ഡില്‍

കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജില്‍ വിദേശത്ത് നിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ 6 പേര്‍ റിമാന്‍ഡിലായി. റിമാന്‍ഡിലായ പ്രതികള്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണു കേസ്. ഇവരെത്തിയ മൂന്ന് കാറുകളും കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടേരി, കൈതേരി, കൂവ്വപ്പാടി, ചിറ്റാരിപ്പറമ്പ്, ഉളിക്കല്‍ സ്വദേശികളാണ് റിമാന്‍ഡിലായത്. ഇതില്‍ 3 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്.
ഉളിക്കല്‍ നുച്ചിയാട് സ്വദേശികളും സഹോദരങ്ങളുമായ കെ. സി.സന്തോഷ്, കെ.സി.സനീഷ്, മാങ്ങാട്ടിടം കണ്ടേരിയിലെ പി.കെ.സജീര്‍, ചിറ്റാരിപ്പറമ്പിലെ പി.പി.സജീര്‍, കോട്ടയം മലബാര്‍ കൂവപ്പാടിയിലെ ടി.വി.റംഷാദ്, കൈതേരി വട്ടപ്പാറയിലെ കെ.കെ.റിനാസ് എന്നിവരാണ് റിമാന്‍ഡിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ ജഡ്ജിക്ക് മുന്‍പാകെ ഇവരെ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിനും വധ ശ്രമത്തിനും ആണ് കേസ്. സന്തോഷും, സനീഷും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ ദിന്‍ഷാദിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിനാണ് കേസ്.
9-ാം തീയതി കൊച്ചി വിമാനത്താവളം വഴി ദുബായില്‍ നിന്നെത്തി കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ദിനഷാദിനെ ഞായറാഴ്ച വൈകുന്നേരം ആണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇതില്‍ മലപ്പുറം സ്വദേശികളായ 2 പേര്‍ പരുക്കേറ്റ് തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരാള്‍ രക്ഷപ്പെട്ടതായാണ് വിവരം. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ദിന്‍ഷാദ് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെയാണ് വധ ശ്രമത്തിനു കേസെടുത്തത്. ദിന്‍ഷാദും പരുക്കേറ്റ് ചികിത്സയിലാണ്.
ദിന്‍ഷാദ് വിദേശത്ത് നിന്ന് വരുമ്പോള്‍ അരക്കോടിയോളം രൂപയുടെ സ്വര്‍ണം കൊണ്ടു വന്നിരുന്നു. ഇത് നല്‍കാതെ വെട്ടിച്ചപ്പോഴാണ് ഇയാളെ തേടി മലപ്പുറത്ത് നിന്നുള്ള സംഘം കൂത്തുപറമ്പില്‍ എത്തിയന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് പൊലീസ് അന്വേഷിച്ച് വരികയാണ്.
https://www.facebook.com/Malayalivartha


























