ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്

ടിനി ടോം ജിഹാദി എന്ന് വിളിച്ചു, മതപരിവര്‍ത്തനം ആരോപിച്ചു എന്ന നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ പോലീസ് കേസെടുത്തു. ജിഹാദിയായി ചിത്രീകരിക്കാന്‍ ടിനി ടോം ശ്രമിച്ചു എന്ന പരാതിയില്‍ കടവന്ത്ര പോലീസാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് അന്‍സിബയുടെ പരാതിയില്‍ ടിനിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതി (ഏഴ്) യുടെ നിര്‍ദേശപ്രകാരമാണ് പോലീസ് നടപടിയെടുത്തിരിക്കുന്നത്. നേരത്തേ ടിനി ടോമിനെതിരെ അന്‍സിബ പരാതി നല്‍കിയിരുന്നെങ്കിലും കഴമ്പില്ലെന്നുപറഞ്ഞ് പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയമായി അധിക്ഷേപിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. താരസംഘടനയായ അമ്മയ്ക്കകത്തെ പ്രശ്‌നങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ബുധനാഴ്ച പ്രതികരിച്ചത്.
നടിയും 'അമ്മ' എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന നീന കുറുപ്പിന്റെ മൊഴിയാണ് കോടതിയില്‍ നിര്‍ണായകമായത്. 'അമ്മ' ഓഫീസില്‍വെച്ച് ടിനി അന്‍സിബയെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് നീന കുറുപ്പ് പോലീസിന് മൊഴി നല്‍കിയിരുന്നു. ശ്വേതാ മേനോനും ഇതേ കാര്യങ്ങള്‍ തന്നോട് പറഞ്ഞതായും നീന കുറുപ്പിന്റെ മൊഴിയിലുണ്ടായിരുന്നു.
അന്‍സിബയ്‌ക്കെതിരെ ടിനി ടോം ഡബിള്‍ ഡാഡി സിന്‍ഡ്രോം, ഡിഎന്‍എയിലെ പ്രശ്‌നങ്ങള്‍, ജിഹാദി എന്നീ വാക്കുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. ജിഹാദി ഉള്‍പ്പെടെയുള്ള വാക്കുകള്‍ ടിനി തമാശയായി ഉപയോഗിച്ചതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രിമിനല്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ശരിയായ നിഗമനത്തില്‍ എത്താന്‍ സാധിക്കൂവെന്നും നിരീക്ഷിച്ചാണ് കോടതി വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ചത്.
https://www.facebook.com/Malayalivartha

























