വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം

എംഎല്‍എമാരെ രാജിവയ്പിച്ച് വിജയ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം എതിരാളികള്‍ നടത്തിയതായി ആരോപണം. അധികാരത്തില്‍ വന്ന് രണ്ട് മാസം തികയുമ്പോഴാണ് വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ തനിക്ക് കോടികളുടെ വാഗ്ദാനം ലഭിച്ചതായി ടിവികെ എംഎല്‍എ പരാതിപ്പെട്ടത്. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇതില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്ക് ഡിഎംകെ നേതാവുമായി ബന്ധമുള്ളതായും ആരോപണമുണ്ട്.
15 ടിവികെ എംഎല്‍എമാരെ ഒരേസമയം രാജിവയ്പിച്ച് വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടന്നതായി തമിഴാനാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തി. സംഭവത്തില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ക്ക് ഡിഎംകെ എംഎല്‍എ സെന്തില്‍ ബാലാജിയുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരൂരില്‍ നിന്നുള്ളവരാണ് അറസ്റ്റിലായ മറ്റ് രണ്ടു പേര്‍.
ടിവികെ എംഎല്‍എയായ എന്‍. ഇളയരാജയാണ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ലഭിച്ചതായി പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് വിജയ് സര്‍ക്കാരിനെ പുറത്താക്കാനായി ശ്രമങ്ങള്‍ നടക്കുന്നതായുള്ള വിവരം പുറത്തായത്. അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കിയാല്‍ 35 കോടി നല്‍കാമെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ പ്രതിനിധി വാഗ്ദാനം ചെയ്‌തെന്നായിരുന്നു പരാതി. തുടര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും എംഎല്‍എ പരാതിപ്പെട്ടു. ടിവികെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മുന്‍മുഖ്യമന്ത്രി സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ഇത്രയധികം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ടിവികെ മന്ത്രി ആര്‍. നിര്‍മ്മല്‍ കുമാര്‍ ചോദിച്ചു. ടിവികെ എംഎല്‍എമാര്‍ക്ക് 50 കോടിവരെ പണം വാഗ്ദാനം ചെയ്തതായും മന്ത്രി ആരോപിച്ചു.
അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും എംഡിഎംകെ തലവന്‍ വൈകോയും ചേര്‍ന്ന് തങ്ങളുടെ രണ്ട് എംഎല്‍എമാരെ സ്വന്തമാക്കാന്‍ ശ്രമിച്ചതായി ഡിഎംകെ ആരോപിച്ചു. എംഎല്‍എമാരെ പ്രലോഭിപ്പിച്ച് രാജിവയ്പിക്കാന്‍ മുഖ്യമന്ത്രി വിജയ് ശ്രമിച്ചുവെന്ന് ഡിഎംകെ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍.എസ്. ഭാരതിയാണ് ആരോപിച്ചത്. ഇതുസംബന്ധിച്ചുള്ള പരാതി ഡിഎംകെ തമിഴ്‌നാട് ഗവര്‍ണര്‍ക്കും നല്‍കിയിട്ടുണ്ട്. നിയമസഭയില്‍ ഡിഎംകെയുടെ അംഗബലം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ ശ്രമങ്ങളെന്നും ആര്‍.എസ്. ഭാരതി ആരോപിച്ചു.
https://www.facebook.com/Malayalivartha

























