പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി

സ്ത്രീ യാത്രക്കാര്‍ക്കായി സൗജന്യ യാത്രയുമായി കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ വരുമാനത്തിനായി ടിക്കറ്റിനൊപ്പം അച്ചപ്പവും കുഴലപ്പവും യാത്രക്കാര്‍ക്ക് വിറ്റ് സ്വകാര്യ ബസ് ജീവനക്കാര്‍. സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ വലിയ ഇടിവാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ബസുകള്‍ പുതിയ വരുമാന സ്രോതസ്സ് നോക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി സി.പി. ജോണ്‍ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതിഷേധം കൂടിയായി പത്തനംതിട്ടയില്‍ ബസ് ജീവനക്കാരുടെ പലഹാര വില്‍പന. അതേസമയം കെഎസ്ആര്‍ടിസി പരസ്യം ചെയ്യുന്നത് പോലെ സ്വകാര്യ ബസുകളും പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നാണ് മന്ത്രി പറഞ്ഞത്.
ഇന്ദിര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സൗജന്യ യാത്ര തുടങ്ങി രണ്ടാഴ്ച ആയപ്പോഴേക്കും സ്വകാര്യ ബസുകള്‍ക്ക് വലിയ വരുമാന നഷ്ടമാണുണ്ടായത്. ദിവസം 10000 രൂപ ലഭിച്ചിരുന്ന ഇടത്ത് ഇപ്പോള്‍ 3000–4000 രൂപയുടെ ഇടിവുണ്ടായതായി പത്തനംതിട്ടയിലെ ബസ് ജീവനക്കാര്‍ പറയുന്നു. ഇതുകാരണം ജീവനക്കാരുടെ ദിവസ വേതനത്തിലും ഇടിവുണ്ടായി. സര്‍ക്കാര്‍ തങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നില്ലെങ്കില്‍ പത്ത് ദിവസത്തിനകം സര്‍വീസുകള്‍ നിര്‍ത്തേണ്ടി വരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. പലഹാരം വില്‍ക്കുന്നതു പോലുള്ള മറ്റു ജോലികള്‍ ചെയ്യേണ്ടി വരുമെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























