ഓണക്കിറ്റിലെ ശര്‍ക്കരക്കൊപ്പം 'ഹാന്‍സ്' പാക്കറ്റും ! മനുഷ്യനെ കൊല്ലാൻ വേറെ വഴിയില്ലേ സർക്കാരേ...?

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാറിന്റെ ഓണകിറ്റ് വിതരണം തുടങ്ങി. സപ്ലൈകോ കേന്ദ്രത്തിൽ പായ്ക്ക് ചെയ്യുന്ന കിറ്റ് റേഷൻ കടവഴിയാണ് വിതരണം ചെയ്യുന്നത്. കിറ്റ് വിതരണം തുടങ്ങിയെങ്കിലും പലഭാഗത്തു നിന്നും ഗുണനിലവാരത്തെ പറ്റിയും അളവിനെ പറ്റിയും പരാതികൾ ഉയരുകയാണ്. ശർക്കരയിൽ മായം കണ്ടെത്തിയതായി നേരെത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ലഹരി വസ്തുവായ 'ഹാന്‍സ്' പാക്കറ്റ് കണ്ടെത്തിയിരിക്കുകയാണ്.
നടുവണ്ണൂര്‍ സൗത്ത് പൊതുവിതരണ കേന്ദ്രത്തില്‍ നിന്ന് വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് ഹാന്‍സ് പാക്കറ്റ് കണ്ടെത്തിയത്. നടുവണ്ണൂര്‍ പുത്തലത്ത് ആലിയുടെ കുടുംബത്തിന് ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കര ചൊവ്വാഴ്ച രാവിലെ പലഹാരമുണ്ടാക്കുന്നതിനായി ഉരുക്കിയപ്പോഴാണ് ഹാന്‍സ് പാക്കറ്റ് ലഭിച്ചത്. പാക്കറ്റില്‍ ലഹരി വസ്തുവായ ഹാന്‍സ് പൊടിയുമുണ്ട്. നടുവണ്ണൂര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ബീന കുര്യന്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് തുടര്‍ നടപടിക്കായി വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
ഓണക്കിറ്റിലേക്കായി ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ ശര്‍ക്കരക്ക് ഗുണനിലവാരം ഏറ്റവും കുറവെന്ന് നേരെത്തെ തന്നെ കണ്ടെത്തിയിരുന്നു. കോന്നി സിഎഫ്ആര്‍ഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. കിലോയ്ക്ക് 62.40 രൂപയ്ക്കും, 59.69 രൂപയ്ക്കും വാങ്ങിയ ശര്‍ക്കരക്കാണ് ഗുണനിലവാരമില്ലാത്തത്. കോഴിക്കോട്ടെ ഒരു സഹകരണ സ്ഥാപനത്തില്‍ നിന്നും, ഈറോഡിലെ ഒരു കമ്പനിയില്‍ നിന്നുമാണ് ഇവ വാങ്ങിയിരിക്കുന്നത്. കിറ്റിനായി മൊത്തത്തില്‍ വാങ്ങിയ ശര്‍ക്കരയുടെ പകുതിയിലധികം വരുമിത്. 46.73 ലക്ഷം രൂപയുടെ ഓര്‍ഡറാണ് ഇരു കമ്പനികള്‍ക്കുമായി ലഭിച്ചത്. ഇതില്‍ നിന്നും 25 ലക്ഷത്തോളം കിലോഗ്രാം വിതരണം ചെയ്തു കഴിഞ്ഞു.
തട്ടിപ്പ് തെളിഞ്ഞതോടെ ലാബ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ഈ രണ്ട് സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശയുണ്ടെങ്കിലും, അതിനുള്ള യാതൊരു ശ്രമവും സപ്ലൈകോ തുടങ്ങിയിട്ടില്ല. ലഭിച്ചതില്‍ നിന്നും 3.62 ലക്ഷം കിലോ ശര്‍ക്കര തിരിച്ചയച്ചത് മാത്രമാണ് ഇതുവരെ സ്വീകരിച്ച ഏക നടപടി. ഗുണനിലവാരമില്ലാത്ത ശര്‍ക്കര തിരിച്ചെടുത്ത് പകരം ശര്‍ക്കര വിതരണം ചെയ്യണമെന്നാണ് ടെന്‍ഡര്‍ വ്യവസ്ഥ. മാത്രമല്ല സെക്യൂരിറ്റി നിക്ഷേപം തടയുകയും, കരാര്‍ റദ്ദാക്കി കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്യാം. ഭക്ഷ്യ സുരക്ഷ നിയമപ്രകാരം ക്രിമിനല്‍ നടപടിയും സ്ഥാപനങ്ങള്‍ക്കെതിരെ എടുക്കാന്‍ കഴിയും.
ഇതിനിടെ, കിറ്റിൽനിന്നു ചില സാധനങ്ങൾ അപ്രത്യക്ഷമാകുന്നുവെന്നു പരാതിയുള്ളതിനാൽ കിറ്റ് തൂക്കി നോക്കിയശേഷമേ സ്വീകരിക്കുകയുള്ളൂവെന്നു റേഷൻ കടയുടമകൾ തീരുമാനിച്ചിട്ടുണ്ട്. കിറ്റിന് 4.670 കിലോഗ്രാം ഭാരമാണു വേണ്ടത്. ഓണക്കിറ്റിലെ സാധനങ്ങൾ നിറയ്ക്കാൻ തുണിസഞ്ചി വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തി. 82.64 ലക്ഷം സഞ്ചി വാങ്ങാനാണു ടെൻഡർ വിളിച്ചതെങ്കിലും 98.73 ലക്ഷം സഞ്ചി വാങ്ങി. ഏറ്റവും കുറഞ്ഞ വില ക്വോട്ട് ചെയ്തത് (6.90 രൂപ) ഷാരോൺ ഗ്രൂപ്പ് എന്ന കമ്പനിയും തൊട്ടുപിന്നിൽ (7.85 രൂപ)പൊതുമേഖലാ സ്ഥാപനമായ സിഡ്കോയായിരുന്നു. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകാൻ കഴിയില്ലെന്നറിയിച്ചതിനാൽ ഇവരുടെ പർച്ചേസ് ഓർഡർ റദ്ദാക്കി.
തൊട്ടുപിന്നിലുള്ള മഹാമുദ്ര അഗ്രോ ട്രേഡേഴ്സ് 8.34 രൂപയ്ക്ക് 26 ഡിപ്പോകളിലേക്കും കീർത്തി പാക്കേജിങ് 8.43 രൂപയ്ക്ക് ശേഷിക്കുന്ന 26 ഡിപ്പോകളിലേക്കും സഞ്ചി നൽകാമെന്നറിയിച്ചു. എന്നാൽ പത്താം സ്ഥാനത്തുള്ള കമ്പനി (9.34 രൂപ)ക്കു വരെ ഓർഡർ വീതം വയ്ക്കുകയാണു സപ്ലൈകോ ചെയ്തത്. മിക്ക ഡിപ്പോയിലും, കുറഞ്ഞ വിലയ്ക്കു നൽകാമെന്നു പറഞ്ഞ കമ്പനിയേക്കാൾ ഓർഡർ, കൂടുതൽ വില പറഞ്ഞ കമ്പനിക്കു ലഭിച്ചു. ഉദാഹരണത്തിന്, ആലപ്പുഴ ഡിപ്പോയിൽ 8.34 രൂപ ക്വോട്ട് ചെയ്ത കമ്പനിക്ക് 35,000 സഞ്ചി മാത്രം നൽകി, 8.52 രൂപ ക്വോട്ട് ചെയ്ത കമ്പനിക്ക് 1,18,500 സഞ്ചിയുടെ ഓർഡർ നൽകി
https://www.facebook.com/Malayalivartha


























