തെളിവായി സ്ക്രീന്‍ ഷോട്ടുകള്‍; സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിപ്പകര്‍പ്പ് ചോര്‍ത്തിയത് കസ്റ്റംസ് സൂപ്രണ്ടാണെന്നു ഐ.ബി കണ്ടെത്തൽ; മൊഴിപ്പകര്‍പ്പ് പുറത്തായത് ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ ഫോണില്‍ നിന്നും

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിപ്പകര്‍പ്പ് ചോര്‍ത്തിയത് കസ്റ്റംസ് സൂപ്രണ്ടാണെന്നു ഐ.ബി കണ്ടെത്തൽ. ഈ ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ ഫോണില്‍നിന്നാണ് മൊഴിപ്പകര്‍പ്പ് പുറത്തായിരിക്കുന്നത്. ഇത് സംബന്ധിച്ച തെളിവുകൾ അടങ്ങുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഫോണില്‍നിന്നുള്ള സ്ക്രീന്‍ ഷോട്ടുകള്‍ ഐ.ബിക്ക് ലഭിച്ചുകഴിഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണത്തിന് ഐ.ബി ശുപാര്‍ശ ചെയ്തിരിക്കുകയാണ്. സ്വപ്നയെ ചോദ്യംചെയ്ത സംഘത്തില്‍ ഈ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. വളരെ ഗുരുതരമായ ഒരു സംഭവമായതുകൊണ്ടുതന്നെ ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കും
മൊഴി കസ്റ്റംസിൽ നിന്ന് ചോർന്നതിനെപ്പറ്റി കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴിയിൽ ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രമാണു ചോർന്നത്. ഇതു സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തു. സംഭവത്തിൽ കസ്റ്റംസ് സംഘത്തിലെ ഉന്നതർ ഇതിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. മറ്റ് അന്വേഷണ ഏജൻസികളും അതൃപ്തി അറിയിച്ചിട്ടുണ്ട്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിച്ചതിന് ഒരു ദിവസം മുൻപു തന്നെ സ്വപ്നയുടെ മൊഴി പ്രചരിച്ചു. സ്വപ്നയെ എൻഐഎ അറസ്റ്റ് ചെയ്തശേഷം കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങിയപ്പോൾ നൽകിയ മൊഴിയാണു ചോർന്നത്.
മൊഴി ചോർന്നതിനെ തുടർന്ന് അന്വേഷണത്തിൽ നിന്നു മാറി നിൽക്കേണ്ടി വന്ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എൻ.എസ്. ദേവിന് ഇതിൽ പങ്കില്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് ഐബി കസ്റ്റംസ് കമ്മിഷണർക്ക് കൈമാറി.
എൻ.എസ്. ദേവിന്റെ പ്രത്യേക ആവശ്യത്തിൽ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ ഐബിയോട് ഇതു സംബന്ധിച്ച അന്വേഷണം ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. മാധ്യമങ്ങൾക്കു ചോർന്നു കിട്ടിയ ഫയൽ വിശദമായ ഡിജിറ്റൽ പരിശോധനകൾക്ക് വിധേയമാക്കിയാണു ചോർത്തിയതു സംബന്ധിച്ച വിവരങ്ങളിലേയ്ക്ക്കൃ ഐബി എത്തിയത്. രേഖ പകർത്തുന്നതിന് ഉപയോഗിച്ച മൊബൈൽ ഫോൺ, ക്യാമറ, ഇതു പുറത്തേക്ക് അയയ്ക്കുന്നതിന് ഉപയോഗിച്ച ഫോൺ, ഐഎംഇ നമ്പർ തുടങ്ങിയ വിവരങ്ങൾ കണ്ടെത്തിയാണ് ഫോൺ ചോർത്തിയതിന്റെ ഉത്തരവാദിയിലേയ്ക്ക് ഐബി എത്തിയത്.
സ്വപ്നയെ ചോദ്യം ചെയ്ത ദിവസം തയാറാക്കിയ റിപ്പോര്‍ട്ട് അന്നു തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്റെ ഫോണിലേയ്ക്കു പകർത്തുകയായിരുന്നു. തുടർന്ന് ബ്ലൂടൂത്ത് വഴി ഭാര്യയുടെ ഫോണിലേയ്ക്ക് അയയ്ക്കുകയും അതിൽ നിന്ന് ഇന്റർനെറ്റ് ഉപയോഗിച്ച് പുറത്തേക്ക് അയയ്ക്കുകയുമായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വപ്നയുടെ മൊഴിയെടുക്കുന്നതിന് കസ്റ്റംസ് നിയോഗിച്ചത് മൂന്നംഗ സംഘത്തെയായിരുന്നു. ഇതിൽ രണ്ടു പേർ പുരുഷൻമാരും ഒരു വനിതയുമായിരുന്നു. ഇവരിൽ മൊഴിയെടുക്കലിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് കുറ്റക്കാരനെന്നാണ് കണ്ടെത്തൽ.
കൃത്യമായ ഉദ്ദേശത്തോടെയായിരുന്നു അന്വേഷണ റിപ്പോർട്ട് ചോർത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. മറ്റ് മൊഴി ഭാഗങ്ങൾ ഒഴിവാക്കി അനിൽ നമ്പ്യാർക്കെതിരായ വിവരങ്ങൾ മാത്രം ചോർന്നത് നേരത്തെ തന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. ഇടതു താൽപര്യമുള്ള ഉദ്യോഗസ്ഥർ ആരെങ്കിലും ആയിരിക്കും ചോർത്തലിനു പിന്നിലെന്നും സംശയം ഉയർന്നിരുന്നു. ഈ നിഗമനങ്ങളെ ശരിവയ്ക്കുന്ന റിപ്പോർട്ടാണ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിന് ഇപ്പോൾ ലഭിച്ചരിക്കുന്നത്. ഇയാൾക്കെതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടാകും എന്നാണ് വിവരം. നടപടി എന്താകണമെന്നതു സംബന്ധിച്ച് കസ്റ്റംസിന്റെ കേന്ദ്രതലത്തിലുളള ഉദ്യോഗസ്ഥരുമായി സുമിത് കുമാർ ചർച്ച നടത്തിവരികയാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























