ആന്ധ്രാ പ്രദേശിൽ ആഞ്ഞടിച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി... അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും, മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ആന്ധ്രാ പ്രദേശിൽ ആഞ്ഞടിച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി. അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും. ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന കാറ്റിന്റെ വേഗത മണിക്കൂറിൽ ഏഴ് കിലോമീറ്ററായി കുറയുകയും ചെയ്തു. അതേസമയം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊണസീമ, ഈസ്റ്റ് ഗോദാവരി, എൻടിആർ, ഗുണ്ടൂർ തുടങ്ങിയ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അടുത്ത മൂന്നു മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനമുള്ളത്. ശ്രീകാകുളത്തും മഴ മുന്നറിയിപ്പുണ്ട്. ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് വിശാഖപട്ടണത്താണ്. കഴിഞ്ഞ 12 മണിക്കൂറിനിടെ പെയ്തത് 21 സെന്റീമീറ്റർ മഴയാണ്.
അതേസമയം ആന്ധ്രാപ്രദേശിൽ അർണബ് ചുഴലിക്കാറ്റ് ഉണ്ടാക്കിയ വൻ നാശനഷ്ടങ്ങളെ തുടർന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കേന്ദ്ര സഹായം തേടി.
ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ച ചന്ദ്രബാബു നായിഡു, വിവിധ ജില്ലകളിലെ അവസ്ഥ വിശദീകരിച്ചു. ചുഴലിക്കാറ്റ് കാരണം 70,000 ഹെക്ടറിലധികം വരുന്ന കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായെന്ന് മുഖ്യമന്ത്രി അമിത് ഷായെ അറിയിച്ചു. ഇതിനുപുറമെ 10,500 ഹെക്ടറിലെ തോട്ടവിളകൾക്കും വലിയ നാശനഷ്ടമുണ്ടാകുകയും ചെയ്തു.
വീടുകൾ, റോഡുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയും വ്യാപകമായി തകർന്നിട്ടുണ്ട്. ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശം കുറയ്ക്കാനായി സംസ്ഥാന സർക്കാരെടുത്ത മുൻകരുതലുകളും മുഖ്യമന്ത്രി അമിത് ഷായെ അറിയിച്ചു.
"
https://www.facebook.com/Malayalivartha
























