യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നക്കും സന്ദീപിനും ബംഗളൂരുവില്‍ ഒളിത്താവളമൊരുക്കിയത് ബംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദാണെന്ന സംശയം ശക്തമാകുന്നു.... സ്വര്‍ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസിന് ചോര്‍ത്തി നല്‍കിയതിന് പിന്നിലും മയക്കുമരുന്ന് സംഘം തന്നെയാണെന്ന് സൂചന

യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നക്കും സന്ദീപിനും ബംഗളൂരുവില്‍ ഒളിത്താവളമൊരുക്കിയത് ബംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദാണെന്ന സംശയം ശക്തം. സ്വര്‍ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസിന് ചോര്‍ത്തി നല്‍കിയതിന് പിന്നിലും മയക്കുമരുന്ന് സംഘം തന്നെയാണെന്ന സൂചനയാണ് ലഭിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതിനുശേഷം പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും ബംഗളൂരുവില്‍ ഒളിവില്‍ താമസിക്കാന്‍ അനൂപാണ് ഹോട്ടലില്‍ മുറി എടുത്തുനല്‍കിയതെന്നും ഇത് സ്വര്‍ണക്കടത്തിലെ ആസൂത്രകന്‍ കെ.ടി. റമീസിന്റെ നിര്‍ദേശാനുസരണമാണെന്നുമാണ് സൂചന. റമീസിന് അനൂപുമായി അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് അന്വേഷണസംഘങ്ങള്‍ പറയുന്നത്.
ബംഗളൂരു കോറമംഗല ഒക്ടോവ് ഹോട്ടലില്‍നിന്നാണ് എന്‍.െഎ.എ സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് ഇവരെ അനൂപിന്റെ സഹായത്തോടെ നാഗാലാന്‍ഡിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കേസില്‍ പിടിയിലായ അനൂപിന്റെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റ് പരിശോധിച്ചതില്‍നിന്നാണ് റമീസുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്.
കോണ്‍ടാക്ട് ലിസ്റ്റില്‍ കെ.ടി. റമീസിന്റെ നമ്പര്‍ 'മോളി'യെന്ന പേരിലാണ് രേഖപ്പെടുത്തിയിരുന്നത്. ഇതാണ് സ്വര്‍ണക്കടത്തും മയക്കുമരുന്ന് കച്ചവടവും തമ്മിലുള്ള ബന്ധത്തിലെ സംശയം വര്‍ധിപ്പിച്ചിട്ടുള്ളത്. ലോക്ഡൗണ്‍ കാലത്ത് യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്താന്‍ അവസരമൊരുങ്ങിയതോടെ ദുബൈയില്‍നിന്ന് സ്വര്‍ണം വാങ്ങാനുള്ള പണത്തിനായി റമീസ് ബംഗളൂരുവിലെ മയക്കുമരുന്ന് സംഘത്തിന്റെ സഹായം തേടിയിരുന്നതായുള്ള മൊഴി നേരത്തേതന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























