'വേട്ടക്കാരെയും വേട്ടയാടുന്നവൻ'; ജയിലിൽ നിന്നിറങ്ങിയ ഗുണ്ടകൾക്ക് ക്രിമിനൽ സംഘത്തിന്റെ ഉഗ്രൻ സ്വീകരണം !
ജയിലിൽ നിന്നും ഇറങ്ങിയ ഗുണ്ടകൾക്കു ക്രിമിനൽ സംഘാംഗങ്ങൾ ചേർന്നു സ്വീകരണം നൽകി. ഏറ്റുമാനൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ആക്രമിക്കുകയും കെട്ടിയിട്ടു മർദിക്കുകയും ചെയ്ത കേസിലെ പ്രതികളായ അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയ(34)നും, വടവാതൂർ ശാന്തിഗ്രാം കോളനിയിൽ പുത്തൻപറമ്പിൽ വീട്ടിൽ റഹിലാലിനു(27)മാണ് ക്രിമിനൽ സംഘാംഗങ്ങൾ ചേർന്നു ജയിലിനു മുന്നിൽ സ്വീകരണം ഒരുക്കിയത്.
അഞ്ചു ദിവസം മുൻപാണ് പ്രതികൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഈ വീഡിയോയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. സ്വീകരണം ഒരുക്കിയ ശേഷം ക്രിമിനൽ ഗുണ്ടാ സംഘങ്ങൾ ഈ വീഡിയോ ഫെയ്‌സ്ബുക്കിൽ ലൈവായി അയക്കുകയും ചെയ്തു. വേട്ടക്കാരെയും വേട്ടയാടുന്നവൻ എന്ന ക്യാപ്ഷൻ നൽകിയാണ് ഇവർ വിനീതിനും റഹിലാലിനും സ്വീകരണം നൽകിയത്.
ഏറ്റുമാനൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി വിനീത് സഞ്ജയന്റെ വീട്ടിൽ വച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ മാസങ്ങൾക്കു മുൻപാണ് പ്രതികളായ വിനീതിനെയും റഹിലാലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. രണ്ടു മാസത്തോളമായി രണ്ടു പേരും കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
ഇതിനിടെയാണ് രണ്ടു പ്രതികളും അഞ്ചു ദിവസം മുൻപ് ജാമ്യത്തിൽ ഇറങ്ങിയത്. ജയിലിൽ നിന്നും പുറത്തിറങ്ങിയെത്തിയപ്പോഴാണ് ഇരുവർക്കും ക്രിമിനൽ സംഘാംഗങ്ങൾ ചേർന്നു സ്വീകരണം ഒരുക്കിയത്. ഇതിനു ശേഷം കൃത്യം അഞ്ചാം ദിവസം നിരവധി ക്രിമിനൽക്കേസിലെ പ്രതിയായ റഹിലാൽ കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിലുമായി.
https://www.facebook.com/Malayalivartha