സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് മാര്‍ഗരേഖ തയാറാക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേ എന്ന് ഹൈക്കോടതി.
നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് മാര്‍ഗരേഖ നടപ്പിലാക്കുന്നതിനും സമയാസമയങ്ങളില്‍ അത് വിശകലനം ചെയ്യുന്നതിനും ഒരു സ്ഥിരം സംവിധാനം ആവശ്യമാണ്. നിലവില്‍ ബന്ധപ്പെട്ട വകുപ്പുകളെല്ലാം ചേര്‍ന്ന സമിതിയാണ് കരട് മാര്‍ഗരേഖ തയാറാക്കിയിരിക്കുന്നത് എന്നതിനാല്‍ ഇത്തരമൊരു സംവിധാനം തുടരേണ്ടത് ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മാസത്തിലൊരിക്കലെങ്കിലും സമിതി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തുന്നത് ഉചിതമാകില്ലേ എന്നും ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുടെ ബെഞ്ച് ആരാഞ്ഞു.
ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പാമ്പു കടിയേറ്റ സാഹചര്യത്തില്‍ സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കുളത്തൂര്‍ ജയ്‌സിങ് സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്ന് മാര്‍ഗരേഖ തയാറാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ കെട്ടിടങ്ങളുടെ ഉറപ്പ്, ക്ലാസ് മുറികളുടെ അവസ്ഥ, ശുചിമുറികള്‍, വൈദ്യുതി, ചുറ്റുമതില്‍ തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ സ്‌കൂളുകളും സുരക്ഷാ ഓഡിറ്റ് നടത്തുക, തുറന്ന കുഴികള്‍, തകര്‍ന്ന തറ, വൈദ്യുതി വയറുകള്‍, ഉറപ്പില്ലാത്ത വാതിലും ജനാലുകളും അടക്കമുള്ളവ നന്നാക്കുക എന്നിവയടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ കരട് മാര്‍ഗരേഖ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തദ്ദേശം, ആരോഗ്യം, വനം, വിദ്യാഭ്യാസ വകുപ്പുകളടക്കമുള്ളവയുടെ പ്രതിനിധികള്‍ ചേര്‍ന്ന് തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
സ്‌കൂളുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും ഉള്‍ക്കൊള്ളിക്കണമെന്ന് ഹര്‍ജിക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കി. അക്കാര്യങ്ങള്‍ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താവുന്നതാണെന്ന് വ്യക്തമാക്കി കോടതി അടുത്ത വ്യാഴാഴ്ച കേസ് വിധി പറയാനായി മാറ്റി.
https://www.facebook.com/Malayalivartha