‘മന്ത്രി ജലീൽ എത്തിയത് തലയിൽ മുണ്ടിട്ട്'; കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നതെന്ന് ചെന്നിത്തല

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലൈൻ ചോദ്യം ചെയ്തതിനു പിന്നാലെ മന്ത്രി ജലീൽ തലയിൽ മുണ്ടിട്ടാണ് ഇഡി ഓഫിസിൽ എത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്. ധാര്‍മികതയുണ്ടെങ്കില്‍ രാജിവയ്ക്കണം. തുടർച്ചയായി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
ജലീൽ ചെറിയ മത്സ്യമാണ് മുഖ്യമന്ത്രിയാണ് വലിയ സ്രാവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചു.നയതന്ത്ര മാർഗത്തിൽ വന്ന പാക്കേജുകളുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ ഇഡി ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ നീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജലീലിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. എം.ശിവശങ്കറിന്റെ കാര്യത്തിലെടുത്ത സമീപനം ജലീലിന്റെ കാര്യത്തിലും വേണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു എന്നതിന്റെ പേരില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിച്ചു. ചോദ്യംചെയ്യപ്പെടുന്നവരെല്ലാം രാജിവെക്കാന്‍ തുടങ്ങിയാല്‍ പിന്നെ രാജിവെക്കലിന് അവസാനമില്ലാതാകുമെന്നും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു.
കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് കോടതി ഉള്‍പ്പടെ നിരീക്ഷിച്ച സംഭവമുണ്ട്. അതുകൊണ്ട് ചോദ്യംചെയ്തു എന്നതിന്റെ പേരില്‍ രാജി വെക്കേണ്ടതില്ല. ജലീല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷിക്കുകയാണെങ്കില്‍ രാജി ഉള്‍പ്പടെയുളള കാര്യങ്ങള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സി ഒരാളോട് വിവരങ്ങള്‍ ആരായുന്നുവെന്നുളളത് നിയമവ്യവസ്ഥയുടെ ഭാഗമായിട്ടുളള കാര്യമാണെന്നും അതിന്റെ ഭാഗമായി അയാള്‍ കുറ്റാരോപിതനാവുകയോ കുറ്റം ചെയ്തതായി തെളിയിക്കപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്ക് ആരില്‍നിന്ന് വേണമെങ്കിലും വിശദാംശങ്ങള്‍ സ്വീകരിക്കാവുന്നതേയുളളൂ. അത് നടപടിക്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകൻ മന്ത്രി കെ.ടി.ജലീൽ ഇഡി ഓഫിസിലെത്തിയത് സ്വകാര്യ വാഹനത്തിലാണെന്നാണ് വിവരം. ഔദ്യോഗികവാഹനം അരൂരിലെ വ്യവസായിയുടെ സ്ഥലത്ത് നിര്‍ത്തിയിട്ടു. അവിടെ നിന്ന് സ്വകാര്യവാഹനത്തില്‍ ഇഡി ഓഫിസിലേക്ക് പോകുകയായിരുന്നന്നാണ് വിവരം. ജലീലിനെ ചോദ്യംചെയ്ത വിവരം എന്‍ഫോഴ്സ്മെന്റ് മേധാവിയാണ് വെളിപ്പെടുത്തിയത്.
പ്രാഥമികഘട്ട ചോദ്യം െചയ്യല്‍ മാത്രമാണ് നടന്നതെന്നാണ് വിവരം. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഓഫിസിലായിരുന്നു നടപടി. വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ ചോദ്യം ചെയ്തതെന്നാണ് സ്ഥിരീകരണം. യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നയതന്ത്രമാര്‍ഗത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളാണ് ജലീലിനോട് ഇഡി ചോദിച്ചറിഞ്ഞത്. നയതന്ത്രമാര്‍ഗത്തില്‍ വന്ന പാക്കേജുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം മുറുകുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള പരിചയവും വിവാദത്തിനിടയാക്കിയിരുന്നു. യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം ചോദിച്ചറിഞ്ഞു.
യുഎഇയില്‍നിന്നു നയതന്ത്ര ബാഗേജുകളായി എത്തിയവ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിലും അവരുടെ വാഹനത്തില്‍ മലപ്പുറത്തേക്കും കൊണ്ടുപോയിരുന്നു. ഇവ മതഗ്രന്ഥങ്ങളാണെന്നായിരുന്നു ജലീലിന്റെ വാദം. സ്വപ്ന സുരേഷിനെ മന്ത്രി പല തവണ വിളിക്കുകയും ചെയ്തിരുന്നു. സി-ആപ്റ്റില്‍ സൂക്ഷിച്ച പെട്ടിയില്‍നിന്നും മതഗ്രന്ഥത്തിന്റെ സാമ്ബിള്‍ അന്വേഷണ സംഘം തൂക്കമെടുത്ത് പരിശോധിച്ചിരുന്നു. തൂക്കത്തില്‍ വ്യത്യാസം കണ്ടെത്തിയതിനാല്‍ മതഗ്രന്ഥമാണ് എത്തിയതെന്ന വാദം കസ്റ്റംസ് തള്ളി. മറ്റൊരു രാജ്യത്തിലേക്കും നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം അയയ്ക്കാറില്ലെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതും ജലീലിനെ വെട്ടിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha