ആലപ്പുഴ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ വിഫലം

ആലപ്പുഴ ബീച്ചില്‍ മൂന്ന് കുട്ടികളുമായി സെല്‍ഫിയെടുക്കുന്നതിനിടെ യുവതിയുടെ കൈയില്‍നിന്നു വഴുതിവീണ് കാണാതായ രണ്ടര വയസുകാരനു വേണ്ടിയുള്ള തെരച്ചില്‍ രണ്ടാം ദിവസവും വിഫലം. തീരസംരക്ഷണ സേനയുടെ സഹായത്തോടെയാണു തെരച്ചില്‍.
പോലീസ്, ലൈഫ്ഗാര്‍ഡ് എന്നിവര്‍ ഇന്നലെ രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ക്കു വള്ളത്തില്‍ തെരച്ചില്‍ സാധ്യമായില്ല.
പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടില്‍ ലക്ഷ്മണന്‍-അനിത(മോളി) ദമ്പതികളുടെ മകന്‍ ആദികൃഷ്ണയെയാണു കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്കാണ് അനിത, മക്കളായ അഭിനവ് കൃഷ്ണ, ആദികൃഷ്ണ, അനിതയുടെ സഹോദര പുത്രന്‍ ഹരികൃഷ്ണന്‍ എന്നിവര്‍ തിരയില്‍പ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ബന്ധു ആലപ്പുഴ സ്വദേശി ബിനു മൂന്നുപേരെ രക്ഷപ്പെടുത്തിയെങ്കിലും ആദികൃഷ്ണയെ കണ്ടെത്താനായില്ല.
തൃശൂരില്‍ സഹോദരന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം മൂന്നുദിവസം മുമ്പാണ് അനിതയും കുട്ടികളും ആലപ്പുഴയിലുള്ള അമ്മയുടെ അനുജത്തി സന്ധ്യയുടെ വീട്ടിലെത്തിയത്. ഉച്ചഭക്ഷണത്തിനു ശേഷം സന്ധ്യയുടെ ഭര്‍ത്താവ് ബിനു വാഹനത്തില്‍ ഇവരുമായി ആലപ്പുഴ ബീച്ചിലെത്തി.
ബിനു വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയപ്പോള്‍ അനിത കുട്ടികളുമായി തീരത്തേക്കു പോയി. ഇതിനിടെയായിരുന്നു അപകടം. ബിനു രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ അനിതയുടെ കൈയില്‍നിന്ന് ആദികൃഷ്ണ വഴുതിപ്പോയി.
https://www.facebook.com/Malayalivartha

























