വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്ത ശേഷം പിന്മാറ്റം: നിയമ ഭേദഗതിക്ക് വനിതാ കമ്മിഷന്‍ ശിപാര്‍ശ ചെയ്യും

കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കില്‍ വിശ്വനാഥന്‍-ഗീത ദമ്പതികളുടെ മകള്‍ അര്‍ച്ചന(21)യുടെ വീട്ടിലെത്തിയ കേരള വനിതാ കമ്മിഷനംഗം അഡ്വ. എം.എസ്.താര., കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കുന്നതിന് നിയമ സംവിധാനത്തില്‍ ആവശ്യമായ ഭേദഗതികള്‍ക്ക് കേരള വനിതാ കമ്മിഷന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുമെന്ന് പറഞ്ഞു.
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്ത ശേഷം പിന്മാറുകയും പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്നത് വളരെ ഗൗരവത്തോടെയാണ് കമ്മിഷന്‍ കാണുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള പ്രധാന കാരണം നിയമസംവിധാനത്തിലെ പഴുതുകള്‍ ഉപയോഗിച്ച് നിസാരമായ വകുപ്പുകള്‍ ചുമത്തി കേസ് ചാര്‍ജ് ചെയ്യുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ആറാട്ടുപുഴ സംഭവം നടന്ന് ഒരാഴ്ചയായിട്ടും കുറ്റാരോപിതനായ വ്യക്തിയെ ചോദ്യം ചെയ്യാത്തത് ഗുരതരമായ വീഴ്ചയാണെന്നും അടിയന്തരമായി പ്രതിയെ ചോദ്യം ചെയ്ത് അന്വേഷണ നടപടികള്‍ വേഗത്തിലാക്കണമെന്ന് കമ്മിഷന്‍ തൃക്കുന്നപ്പുഴ സി.ഐയ്ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ കേസന്വേഷണം വൈകുന്നതില്‍ വനിതാ കമ്മിഷന്‍ അതൃപ്തി അറിയിച്ചു.
പെണ്‍കുട്ടിയുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തിനായി കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നതായി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കമ്മിഷനെ അറിയിച്ചു.
https://www.facebook.com/Malayalivartha


























