കണ്ടെടുത്തിട്ടുള്ള ആദ്യ രവി വർമ ചിത്രമായ കിഴക്കേപാട്ട് കൃഷ്ണ മേനോന്റെ പോട്രെയിറ്റ് വരച്ചതിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ച് 8 കോടി രൂപ ചെലവിൽ തിരുവനന്തപുരത്ത് നിർമിക്കുന്ന ആർട്ട് ഗ്യാലറിയിൽ ഉള്ളത് ചിത്രത്തിൻറെ പകർപ്പ് മാത്രം... ഒറിജിനൽ ഒറ്റപ്പാലത്ത് തറവാട്ടു വീട്ടിൽ ഇപ്പോഴും ഉണ്ട്

വിഖ്യാത ചിത്രകാരൻ രാജാരവിവർമ വരച്ച യഥാർഥ ചിത്രങ്ങളുടെ ഏറ്റവും വലിയ കലക്‌ഷനുമായി അദ്ദേഹത്തിന്റെ പേരിൽ ആർട് ഗാലറി തലസ്ഥാനത്ത് ഒരുങ്ങുന്നു. കണ്ടെടുത്തിട്ടുള്ള ആദ്യ രവി വർമ ചിത്രമായ കിഴക്കേപാട്ട് കൃഷ്ണ മേനോന്റെ പോട്രെയിറ്റ് വരച്ചതിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് 8 കോടി രൂപ ചെലവിൽ ഈ സംരംഭം ഒരുങ്ങുന്നത്
അദ്ദേഹം ജനിച്ചു വളർന്ന കിളിമാനൂർ കൊട്ടാരത്തിൽ 2014ൽ തുറന്ന ആദ്യ ഗാലറിയിൽ ഉള്ള രവി വർമ ചിത്രങ്ങളുടെ പകർപ്പുകളാണ് പ്രദർശനത്തിനുള്ളത്. എന്നാൽ രാജാ രവിവർമ്മയുടെ ശ്രദ്ധേയമായ ആദ്യകാല രചനയായ കിഴക്കേപാട്ട് കൃഷ്ണ മേനോന്റെ പോട്രെയിറ്റിന്റെ ഒറിജിനൽ ഇപ്പോഴും ഒറ്റപ്പാലത്തുള്ള പാലാട്ട് ശ്രീ ഉദയന്റെ സ്വകാര്യ ശേഖരത്തിൽ തറവാടിന്റെ അഭിമാനമായി കാത്തു സൂക്ഷിക്കുന്നുണ്ട്
1906 october 2 ന് ഒരു ഗാന്ധിജയന്തി ദിനത്തിലാണ് രാജാ രവിവർമ ദിവംഗതനാകുന്നത്. മഹാത്മജി ജനിക്കുന്ന സമയം 21 വയസ്സുള്ള യുവാവായിരുന്നു കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു വളർന്ന രവിവർമ. അക്കാലത്തു തന്നെ അദ്ദേഹം ചിത്രരചനയിൽ സ്വന്തമായൊരു ശൈലി സൃഷ്ടിച്ചിരുന്നു.
രാജാ രവിവർമ്മയുടെ ശ്രദ്ധേയമായ ആദ്യകാല രചനകളിൽ ഏറ്റവും പ്രധാനം 21 വയസ്സിൽ മൂകാംബിക യാത്രയ്ക്കിടെ വിശ്രമിക്കാനിടയായ മലബാറിലെ ഒരു പ്രമുഖ കുടുംബത്തിന്റെ അഭ്യർഥന മാനിച്ചു അദ്ദേഹം വരച്ച ഈ പോർട്രൈറ്റ് ആയിരുന്നു.
കിളിമാന്നൂരിൽ നിന്ന് കർണാടകയിലെ മൂകാംബികാ ക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര പോകും വഴിയാണ് രാജ രവിവർമ്മയും കൂട്ടുകാരും അന്ന് മദിരാശിയിൽ സബ് ജഡ്ജ് ആയിരുന്ന കിഴക്കേപ്പാട്ട് കൃഷ്ണമേനോന്റെ കോഴിക്കോടുള്ള വസതിയിൽ വിശ്രമിക്കാനിടയായത് .
കൃഷ്ണമേനോന്റെ ക്ഷണം സ്വീകരിച്ച്, രാജാ രവിവർമ്മ മൂകാംബികയിൽ നിന്നുള്ള മടക്കയാത്രയിലും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഏതാനും നാൾ താമസിച്ചു , അന്നാണ് സബ് ജഡ്ജ് കൃഷ്ണമേനോന്റെയും കുടുംബത്തിന്റെയും മനോഹരമായ ഈ പോർട്രൈറ്റ് വരച്ചത്
ചിത്രരചനയിൽ സന്തുഷ്ടനായ കൃഷ്ണമേനോൻ രവിവർമ്മക്ക് പ്രതിഫലമായി ഒരു തുക നൽകുകയും ചെയ്തു. സ്വന്തമായി ചെയ്ത ഒരു പോർട്രൈറ്റ് വർക്കിന് ആദ്യമായി ലഭിച്ച പ്രതിഫലം എന്ന് ചരിത്രം രേഖപ്പെടുത്തിയ സംഭവമായിരുന്നു അത്. First commissioned portrait of Raja ravi varma എന്നാണ് ചിത്രം അറിയപ്പെടുന്നത്
റഷ്യയിലെ ഇന്ത്യൻ സ്‌ഥാനപതിയും പ്രമുഖ ഗ്രന്ഥകാരനുമായ ശ്രീ കെ പി എസ് മേനോന്റെ പത്നി അനുജിയുടെ മാതാവ് പാലാട്ട് കുഞ്ഞിമാളു അമ്മ കിഴക്കേപ്പാട്ട് കൃഷ്ണമേനോന്റെ പുത്രിയും സർ സി ശങ്കരൻ നായരുടെ പത്നിയുമായിരുന്നു. രാജാ രവിവർമ ചിത്രം വരയ്ക്കുന്ന കാലത്ത് കുഞ്ഞിമാളുവമ്മ ജനിച്ചിട്ടില്ലാത്തതിനാൽ പ്രശസ്തമായ ഈ ചിത്രത്തിൽ അവർ ഇല്ല
രവി വർമയുടെ 43 പെയിന്റിങ്ങുകളും 96 പെൻസിൽ സ്കെച്ചുകളുമാണ് തലസ്ഥാനത്ത് ഒരുങ്ങുന്ന ആർട് ഗാലറിയിൽ പ്രദർശിപ്പിക്കുന്നത് . വിഖ്യാത ചിത്രങ്ങളായ ശകുന്തള, ഹംസ ദമയന്തി, വിരാട സദസ്സിലെ ദ്രൗപതി, ദ്രൗപതിയും സിംസികയും , മോഹിനിയും രുക്മാനന്ദയും, പാൽക്കാരി, ദാരിദ്ര്യം തുടങ്ങി അദ്ദേഹം അവസാനം വരച്ച മൈസൂരിലെ ഖേദ്ദ(അനപിടിത്തം) വരെ കൂട്ടത്തിലുണ്ട്.
ഭൂരിഭാഗവും എണ്ണ ചായത്തിൽ കാൻവാസിലും ബോർഡിലും വരച്ചവ. അദ്ദേഹം വരച്ച യഥാർഥ ചിത്രങ്ങളുടെ ഇത്രയും വലിയ കലക്‌ഷൻ മറ്റൊരിടത്തുമില്ല. ഇതിനൊപ്പം അനുജൻ സി.രാജരാജ വർമ വരച്ച 38 പെയിന്റിങ്ങുകളും അനുജത്തി മംഗളാഭായിയുടെ ഒരു പെയിന്റിങ്ങും ഗാലറിയിലുണ്ടാവും
പെയിന്റിങ്ങുകളിലേറെയും ശ്രീചിത്ര ആർട് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നതാണെങ്കിലും പെയ്ന്റിങ്ങുകൾക്കായി രവി വർമ വരച്ചിട്ട സ്കെച്ചുകൾ ആദ്യമായിട്ടാവും പ്രദർശിപ്പിക്കുക. ഷിക്കാഗോയിലും വിയന്നയിലും നടന്ന ചിത്ര പ്രദർശനത്തിൽ രവി വർമയ്ക്കു ലഭിച്ച പ്രശംസാപത്രങ്ങളും ഗാലറിയിൽ ഇടം പിടിക്കും.
മാർച്ചിനുള്ളിൽ പൂർത്തിയാക്കുമെന്നു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. അഡി.ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെ നേതൃത്വത്തിലാണ് പദ്ധതി ഒരുങ്ങുന്നത്
നൂറ്റാണ്ടിലേറെ പഴക്കവും ശത കോടികളുടെ മൂല്യവുമുള്ള ചിത്രങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ അന്തരീക്ഷ ഊഷ്മാവും ജലസാന്ദ്രതയുമെല്ലാം നിയന്ത്രിക്കുന്ന സംവിധാനങ്ങൾക്കൊപ്പം മികച്ച അഗ്നി സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്നു മ്യൂസിയം ഡയറക്ടർ അബു ശിവദാസ് പറഞ്ഞു. കേരള മ്യൂസിയമാണു കൺസൽട്ടന്റ്.
https://www.facebook.com/Malayalivartha