പോലീസില്‍ അരാജകത്വം, ആഭ്യന്തര വകുപ്പിനെതിരെ രമേശ് ചെന്നിത്തല

കേരളത്തില്‍ ആഭ്യന്തര വകുപ്പില്‍ അരാജകത്വം അഴിഞ്ഞാടുമ്പോള്‍ വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് മൗനിയായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉപജാപക സംഘങ്ങളെ കൂടുതുറന്നുവിട്ട് അവരെക്കൊണ്ട് പോലീസിനെ ക്രിമിനല്‍ വല്‍ക്കരണം നടത്തുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കണം. എങ്ങിനെയാണ് കേരളാ പോലീസ് ഇത്രയും സമ്പൂര്‍ണ അരാജകാവസ്ഥയിലേക്ക് എത്തിപ്പെട്ടത് എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം.
കാക്കിയിട്ട ഒരു പറ്റം ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. കേരളത്തിന്റെ പുകഴ്‌പെറ്റ പോലീസ് സേനയുടെ മുഴുവന്‍ സല്‍പ്പേരും ഈ ക്രിമിനല്‍ സംഘം നശിപ്പിക്കുകയാണ്. ഇവരെ കയറൂരി വിട്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘങ്ങളാണ്. കാക്കിയെന്നാല്‍ എന്തു ക്രിമിനല്‍ പരിപാടിയും ചെയ്യാന്‍ ഉള്ള ലൈസന്‍സ് ആണെന്നു കരുതുന്ന ഈ ക്രിമിനലുകളെ എത്രയും പെട്ടെന്ന് സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട് പോലീസിനെ ശുദ്ധീകരിക്കണം.
പോലീസ് എന്നാല്‍ ജനസേവകരാണ്. അതിന്റെ അര്‍ഥമറിയാത്തവര്‍ ഇനി സര്‍വീസില്‍ വേണ്ട. സമരം ചെയ്യുന്ന പൊതു പ്രവര്‍ത്തകരുടെ തല അടിച്ചു പൊട്ടിക്കുന്ന ഒരു സംഘം ക്രിമിനല്‍ പോലീസുകാരും ഉണ്ട്. അവരും സൂക്ഷിക്കുന്നത് നല്ലത്. ജനങ്ങളും പ്രതിപക്ഷവും നിങ്ങളെ അതി ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. മറക്കരുത്. ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha