അന്താരാഷ്ട്ര തുറമുഖത്തെ നിര്‍മാണ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിവന്ന രാപ്പകല്‍ സമരം പിന്‍വലിച്ചു... ഇന്നുമുതല്‍ തുറമുഖ നിര്‍മാണ ജോലികള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ തീരുമാനം

അന്താരാഷ്ട്ര തുറമുഖത്തെ നിര്‍മാണ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിവന്ന രാപ്പകല്‍ സമരം പിന്‍വലിച്ചു. പ്രതിഷേധം അവസാനിച്ച സാഹചര്യത്തില്‍ ഇന്നുമുതല്‍ തുറമുഖ നിര്‍മാണ ജോലികള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. തുറമുഖ നിര്‍മാണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും സ്ഥലം വിട്ട് നല്‍കിയവര്‍ക്കും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കഴിഞ്ഞ ഒരുമാസത്തിലേറെയായി തുറമുഖനിര്‍മാണ മേഖലയില്‍ രാപ്പകല്‍ സമരം നടത്തിവന്നത്.മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സമരക്കാരുടെ പ്രതിനിധികളുമായി കഴിഞ്ഞ 30ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാനുള്ള സാഹചര്യമൊരുങ്ങിയത്.
സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തപക്ഷം പ്രക്ഷോഭം വീണ്ടും പുനരാരംഭിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് മത്സ്യത്തൊഴിലാളികള്‍ സമരം പിന്‍വലിച്ചത്. തുടര്‍ന്ന് മാര്‍ഗതടസ്സം സൃഷ്ടിച്ച് നിരത്തിയ വള്ളങ്ങള്‍ നീക്കം ചെയ്തു. സമരപ്പന്തലും പൊളിച്ചുമാറ്റി.സമരത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്ബ് തുറമുഖ സെക്രട്ടറി സഞ്ജയ് കൗള്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തുറമുഖ പാക്കേജുമായി ബന്ധപ്പെട്ട 15 ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഇതില്‍ കോട്ടപ്പുറത്തെ കുടിവെള്ളപദ്ധതി, മണ്ണെണ്ണവിതരണം, ഗംഗയാര്‍ തോടിന്റെ നവീകരണം എന്നിവയില്‍ ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല.
ബാക്കിയുള്ളവയില്‍ കൂടി തീരുമാനം ഉടന്‍ വേണമെന്നായിരുന്നു ആവശ്യം. തുടര്‍ന്നാണ് രണ്ട് മന്ത്രിമാരും വിസില്‍, തുറമുഖ കമ്ബനി, തുറമുഖ സെക്രട്ടറിയടക്കമുള്ളവര്‍ വീണ്ടും സമരക്കാരുമായി ചര്‍ച്ച നടത്തിയത്.
"
https://www.facebook.com/Malayalivartha
























