20 കോടിയുടെ കരാറിന് 4.5 കോടി കമ്മീഷൻ! സിബിഐ അന്വഷണം എൽഡിഎഫ് സർക്കാരിലെ വൻ സ്രാവ് അടക്കമുള്ള ഉന്നതരിലേക്ക് എത്തുന്നത് തടയിടാനായി സംസ്ഥാന വിജിലൻസ് കേസെടുത്തതെന്ന് ആരോപണം ശക്തമാകുന്നു... ശിവശങ്കറും സ്വപ്നയുമടക്കം 4 പേരെ പ്രതിചേർത്ത് അഡീ. റിപ്പോർട്ട് വിജിലൻസ് കോടതിയിൽ; സ്വപ്നയുടെ മൊഴി ജയിലിൽ രേഖപ്പെടുത്തി..

സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയായ വടക്കാഞ്ചേരി ലൈഫ്മിഷൻ ഭവന സമുച്ചയ നിർമ്മാണത്തിൽ നടന്ന 4.5 കോടി രൂപയുടെ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐ റ്റി സെക്രട്ടറി എം. ശിവ ശങ്കറും സ്വപ്നയുമടക്കം 4 പേരെ കൂടുതൽ പ്രതി ചേർത്ത് വിജിലൻസ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചു. ശിവ ശങ്കർ , സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സംസ്ഥാന ഐ റ്റി വകുപ്പിൽ ഓപ്പറേഷൻസ് മാനേജരും യു.എ.ഇ കൗൺസിലേറ്റിലെയും അധികാര ഇടനാഴികളിലെയും സാന്നിദ്ധ്യമെന്ന് കസ്റ്റംസ് ആരോപിച്ചയാളുമായ സ്വപ്ന സുരേഷ് , യു എ ഇ കൗൺസിലേറ്റ് ജീവനക്കാരാനായിരുന്ന തിരുവല്ലം സ്വദേശി പി.എസ്. സരിത് , സ്വർണ്ണക്കടത്തു കേസിലെ കൂട്ടുപ്രതി നെടുമങ്ങാട് വർക്ക്ഷോപ്പുടമ സന്ദീപ് നായർ എന്നിവരെ യഥാക്രമം 5 മുതൽ 8 വരെ പ്രതിസ്ഥാനത്ത് ചേർത്താണ് പ്രതികളെ തിരിച്ചറിഞ്ഞ റിപ്പോർട്ടായി അഡീ. റിപ്പോർട്ട് മുദ്ര വച്ച കവറിൽ സമർപ്പിച്ചത്.
വടക്കാഞ്ചേരിയിൽ ഭവനരഹിതർക്ക് പാർപ്പിട സമുച്ചയ നിർമ്മാണത്തിന് കരാർ നിയമങ്ങൾ കാറ്റിൽ പറത്തി നിയമവിരുദ്ധമായി പിൻവാതിലിലൂടെ കരാർ ലഭിച്ച യൂണി ടാക് കമ്പനി ഉടമ സന്തോഷ്ൻ ഈപ്പൻ , സഹോദര സ്ഥാപനമായ സെയ്ൻ വെഞ്ചേഴ്സ് ഉടമ വിനോദ് , ലൈഫ്മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യു.വി. ജോസ് ,ലൈഫ്മിഷൻ ഉദ്യോഗസ്ഥർ എന്നിവരാണ് ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾ.
അതേ സമയം സന്തോഷ് ഈപ്പൻ അഴിമതി കരാർ ലഭിക്കാൻ ഉന്നതരടക്കം പലർക്കും നൽകാനായി സ്വപ്നയുടെ ആവശ്യപ്രകാരം സ്വപ്നക്ക് വാങ്ങി നൽകിയ ലക്ഷങ്ങൾ വിലയുള്ള 7 ഐഫോണുകളിൽ ഒന്ന് കാട്ടാക്കട സ്വദേശി പ്രവീൺ രാജിൽ നിന്ന് കണ്ടെടുത്തതായി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. യു എ ഇ കൗൺസിലേറ്റ് ഹിൽട്ടൻ ഹോട്ടലിൽ വച്ച് നടത്തിയ ലക്കിടിപ്പിൽ സമ്മാനാർഹമായി ലഭിച്ച ഐ ഫോണാണ് ഇതെന്ന മൊഴി പ്രവീൺ നൽകിയെന്ന് കാണിച്ചാണ് റിപ്പോർട് സമർപ്പിച്ചത്.
അഞ്ചാമത്തെ ഐഫോൺ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ കൈവശത്തിലാണെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് വിജിലൻസിൻ്റെ ചടുല നീക്കമുണ്ടായത്. ഒരു ഐ ഫോൺ ഗവ.സെക്രട്ടറിയേറ്റിലെ അസി. പ്രോട്ടോക്കോൾ ഓഫീസർ എ.പി.രാജീവൻ ഒക്ടോബർ 30 ന് സിം മാറ്റി ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ ഏൽപ്പിച്ചു. എങ്കിൽ തന്നെയും വില കൂടിയ അഞ്ചാമത്തെ ഐഫോൺ നാളിതുവരെ വീണ്ടെടുക്കാനായിട്ടില്ല.
ലൈഫ് മിഷൻ അഴിമതിയിൽ അനിൽ അക്കരെ എം എൽ എ യുടെ പരാതിയിൽ സിബിഐ സെപ്റ്റംബർ 25 നാണ് കേസെടുത്തത്. എന്നാൽ സി ബി ഐ കേസെടുക്കും വരെ ഉറക്കം നടിച്ച സംസ്ഥാന വിജിലൻസ് , അന്വേഷണം എൽഡിഎഫ് സർക്കാരിലെ വൻ സ്രാവടക്കമുള്ള ഉന്നതിലേക്ക് സിബിഐ അന്വേഷണം ചെന്നെത്തുമെന്ന് ഭയന്ന് ഒക്ടോബർ 1ന് കേസെടുക്കുകയായിരുന്നു. സ്വപ്നയെ അട്ടക്കുളങ്ങര ജയിലിൽ ചെന്ന് തിങ്കളാഴ്‌ച മൊഴിയെടുക്കുകയും ചെയ്തു. ഉന്നതരിലേക്കുള്ള അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാന വിജിലൻസ് നടത്തുന്നതെന്ന ആരോപണം ഇതിനിടെ ഉയർന്നിട്ടുണ്ട്. അഞ്ചാമത്തെ ഐഫോൺ മറ്റാരിലെങ്കിലും കെട്ടി വക്കാനുള്ള നീക്കം നടക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























