ലഹരിമരുന്ന് കേസിലെ കള്ളപ്പണ- ബിനാമി ഇടപാടുകളിൽ ബിനീഷിനെ അഞ്ചുദിവസം കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ! വിവിധ അക്കൗണ്ടുകളിലൂടെ 2012 മുതൽ 2019 വരെ ബിനീഷ് അനൂപിന് കൈമാറിയത് 5.17 കോടി കള്ളപ്പണമെന്ന് ഇ.ഡി..

വിവിധ അക്കൗണ്ടുകളിലൂടെ 2012 മുതൽ 2019 വരെ ബിനീഷ് കോടിയേരി 5,17,36,600 രൂപ അനൂപിന് കൈമാറിയെന്നും ഇത് ലഹരിമരുന്ന് ഇടപാടിലൂടെ സമാഹരിച്ചതാണെന്നും ഇ.ഡി ഇന്നലെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഈ കണക്ക് ബിനീഷ് ആദായനികുതി വകുപ്പിന് നൽകിയ കണക്കുമായി ഒത്തുപോകുന്നില്ല. ഇതിന്റെകൂടി പശ്ചാത്തലത്തിൽ ലഹരിമരുന്ന് കേസിലെ കള്ളപ്പണ- ബിനാമി ഇടപാടുകളിൽ ബിനീഷിനെ അഞ്ചുദിവസം കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും ഇ.ഡി കോടതിയിൽ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ മൂലം രണ്ടുദിവസം ചോദ്യം ചെയ്യൽ നടന്നില്ല. 10 ദിവസത്തേക്കാണ് ഇ.ഡി കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും ശനിയാഴ്ച വൈകിട്ട് മൂന്നിനകം ഹാജരാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കടുത്ത ശരീരവേദനയുണ്ടെന്നും 10 തവണ ഛർദ്ദിച്ചെന്നും ബിനീഷ് കോടതിയിൽ പറഞ്ഞു. എന്നാൽ, ഡോക്ടർമാരുടെ റിപ്പോർട്ട് ഇ.ഡി കോടതിയിൽ ഹാജരാക്കി. ഇതും പരിശോധിച്ച ശേഷമാണ് കസ്റ്റഡിയിൽ വിട്ടത്. വീഡിയോ കോൺഫറൻസ് വഴി ബിനീഷിനെ ഹാജരാക്കാൻ ഇ.ഡി ശ്രമിച്ചെങ്കിലും നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ബിനീഷിനെ ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ദേഹപരിശോധനയും കൊവിഡ് പരിശോധനയും നടത്തിയശേഷമാണ് കോടതിയിലെത്തിച്ചത്. മയക്കുമരുന്ന് കേസന്വേഷിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോ ബിനീഷിനെ കസ്റ്റഡിയിലെടുക്കാൻ നീക്കം നടത്തിയിരുന്നു. എൻ.സി.ബി അഭിഭാഷകൻ ഇ.ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. കസ്റ്റഡി നീട്ടിചോദിക്കുമെന്നറിയിച്ചതോടെ, എൻ.സി.ബി ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല.ലഹരി വ്യാപാരമെന്ന് മൊഴിമയക്കുമരുന്ന് കേസിലെ പ്രതികളായ അനൂപ് മുഹമ്മദ്, റിജേഷ് എന്നിവർ ഡയറക്ടർമാരായ റിയാൻഹ, യൂഷ് ഇവന്റ്സ് ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ ബിനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ്.
ഇതേക്കുറിച്ച് അന്വേഷണം വേണം. ബിനീഷ് കൊക്കെയിൻ ഉപയോഗിച്ചെന്നും സുഹൃത്തുക്കളോടൊപ്പം ചേർന്ന് ലഹരി വ്യാപാരം നടത്തിയെന്നും കർണാടക സ്വദേശിയായ ഒരാൾ മൊഴി നൽകിയിട്ടുണ്ട്. നേരത്തെ ദുബായിൽ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണം. സ്വർണക്കടത്തു കേസിൽ പ്രതിചേർത്ത അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ്. ഇത്തരത്തിൽ നിരവധി പേരെ ബിനാമിയാക്കി നിരവധി സ്വത്തുക്കൾ ബിനീഷ് മറച്ചുവച്ചിട്ടുണ്ട്.ബിനോയ് കോടതിയിൽ ഇ.ഡി കസ്റ്റഡിയിലുള്ള ബിനീഷിനെ നേരിൽ കാണണമെന്ന ആവശ്യവുമായി സഹോദരൻ ബിനോയ് കോടിയേരി കർണാടക ഹൈക്കോടതിയെ സമീപിച്ചു. ബിനീഷിനെ കാണാൻ ഇ.ഡി സമ്മതിക്കുന്നില്ലെന്നും വക്കാലത്ത് ഒപ്പിടുവിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ബിനീഷിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മാധ്യമങ്ങൾ വഴി അറിഞ്ഞതായും ബിനോയ് പറഞ്ഞു.
അതേസമയം സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് പിടിയിലായ ദിവസം ബിനീഷും അനൂപും ഫോണിൽ സംസാരിച്ചത് നിരവധി തവണ. ബിനീഷിനെതിരായി അന്വേഷണം തിരിയാൻ അന്വേഷണ ഏജൻസികൾക്ക് സഹായകരമായത് ഇക്കാര്യമാണ്. സ്വർണക്കടത്ത് സംഘത്തിന് ബംഗളൂരു ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്ന് എൻഫോഴ്‌സ്‌മെന്റ് വിശദമായി പരിശോധിച്ച് വരികയാണ്. ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് കൊച്ചി യൂണിറ്റ് 11 മണിക്കൂർ ചോദ്യം ചെയ്‌തത് ഇതിന്റെ ഭാഗമായാണ്. അതിനു ശേഷമാണ് ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്‌ത് വിട്ടയച്ചത്. പിന്നീട് അനൂപിനെ ചോദ്യം ചെയ്‌തതോടെയാണ് ബിനീഷിനെതിരായ കുരുക്ക് മുറുകിയത്. ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ഇന്നലെ ഇക്കാര്യങ്ങളിൽ വിശദീകരണം ചോദിച്ച ശേഷമായിരുന്നു അറസ്റ്ര്.
സ്വർണക്കടത്ത് കേസിൽ തിരുവനന്തപുരത്ത് വിസ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട് യു എ എഫ് എക്സ് സൊലൂഷൻസിൽ നിന്ന് ബിനീഷിന് കമ്മിഷൻ ലഭിച്ചതായി പ്രതികളിൽ ചിലർ മൊഴി നൽകിയിരുന്നു. ബിനീഷും അനൂപും ചേർന്ന് കുമരകത്തെ ഹോട്ടലിൽ നിശാപാർട്ടി നടത്തിയെന്നും ആരോപണമുയർന്നിരുന്നു.മുഹമ്മദ് അനൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ വന്നത് ബിനീഷ് കോടിയേരിയുടെ അറിവോടെയാണെന്നാണ് കണ്ടെത്തിയത്. 20 അക്കൗണ്ടുകളിൽ നിന്നായി വന്ന 50 ലക്ഷം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷിന് അറിയാമെന്ന് മുഹമ്മദ് അനൂപ് വ്യക്തമാക്കി. അക്കൗണ്ടുകൾ വഴി ലഭിച്ച പണം ഉപയോഗിച്ചാണ് മുഹമ്മദ് അനൂപ് ലഹരിമരുന്നുകച്ചവടം നടത്തിയത്. ലഹരിക്കേസിൽ അന്വേഷണം നടത്തുന്ന എൻ സി ബി യും ബിനീഷ് കോടിയേരിക്കെതിരേ കേസെടുക്കും.ബിനീഷിനെ ചോദ്യംചെയ്യുന്നതിനിടെ സുഹൃത്തുക്കളെ ഉദ്യോഗസ്ഥർ പറഞ്ഞയച്ചിരുന്നു.
ഇതോടെ അറസ്റ്റുണ്ടാകുമെന്ന സൂചന പുറത്തുവന്നു. രണ്ടരയോടെ ഇ ഡി ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയെ നാടകീയമായി കാറിൽ കയറ്റി പൊലീസ് സുരക്ഷയോടെ പുറത്തുകൊണ്ടുപോവുകയായിരുന്നു. കൊവിഡ്, മെഡിക്കൽ പരിശോധനകൾക്ക് ശേഷം മൂന്നരയോടെ സിറ്റി സെഷൻസ് കോടതിയിലെത്തിച്ചു.അനൂപിന്റെയും ബിനീഷിന്റെയും മൊഴികളിൽ പൊരുത്തക്കേട് തുടർന്നതോടെയാണ് അറസ്റ്റിനുള്ള ഒരുക്കം തുടങ്ങിയത്. ബിനീഷ് പരസ്പരവിരുദ്ധമായ മൊഴി നൽകിയതോടെ ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ പിടിച്ചെടുത്തു. മൊബൈൽ ഫോണിലെ വിവരങ്ങളെല്ലാം നശിപ്പിച്ചിരുന്നതായി കണ്ടെത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha