മോറിസ് കോയിന് നിക്ഷേപ തട്ടിപ്പ്: നിഷാദ് കിളിയിടുക്കിലിനെതിരെ പൊലീസ് തിരിച്ചറിയല്‍ നോട്ടിസ് പുറപ്പെടുവിച്ചു
ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കിളിയിടുക്കിലിനെതിരെ മോറിസ് കോയിന് നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസ് തിരിച്ചറിയല്‍ നോട്ടിസ് പുറപ്പെടുവിച്ചു. കേസില്‍ നേരത്തേ ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം തേടിയ നിഷാദ് കോടതി നിര്‍ദേശിച്ച സമയപരിധി പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥനു മുന്പില് ഹാജരായിരുന്നില്ല. നിഷാദ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് തിരിച്ചറിയല്‍ നോട്ടിസ് പുറപ്പെടുവിച്ചത്.
മലപ്പുറം പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത് ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയതിനു പിന്നാലെയാണ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും നിഷാദിന്റെ പാസ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം പറഞ്ഞു. കേസിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഏറ്റെടുത്തു. മോറിസ് കോയിന് നിക്ഷേപ പദ്ധതി വഴി കൂടുതല്‍ പണം സ്വരൂപിച്ച നിക്ഷേപകരെയും കേസില്‍ പ്രതി ചേര്‍ക്കാനാണു പൊലീസ് നീക്കം.
പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്കീംസ് (ബാനിങ്) ആക്ട് പ്രകാരമാണ് മണി ചെയിന്‍ ഇടപാടിലൂടെ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ച സംഭവത്തില്‍ നിഷാദിനെതിരെ പൊലീസ് കേസെടുത്തത്. നിഷാദിന്റെ 5 ബാങ്ക് അക്കൗണ്ടുകളിലേക്കായി കഴിഞ്ഞ 9 മാസത്തിനിടെ 1,200 കോടിയുടെ നിക്ഷേപം എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ച പൊലീസ് പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha