ബാണാസുര ഡാം ടൂറിസം കേന്ദ്രം തുറന്നു; കച്ചവട കേന്ദ്രങ്ങള്‍ സജീവമായത് വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസമായി

കോവിഡിന്റെ പശ്ചാത്തലത്തിലെ അടച്ചിടലിനു ശേഷം ബാണാസുര ഡാം ടൂറിസം കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചതോടെ കച്ചവട കേന്ദ്രങ്ങള്‍ സജീവമായത് വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസമാകുന്നു. മാസങ്ങളോളം സ്ഥാപനങ്ങള്‍ അടച്ചിട്ടതിനാല്‍ മിക്കവരും ദുരിതത്തിലായിരുന്നു. തൊഴില്‍ നഷ്ടപ്പെടുകയും കച്ചവട സാധനങ്ങള്‍ നശിച്ചു പോവുകയും ചെയ്തതിനാല്‍ വന്‍ നഷ്ടമാണ് ഈ മേഖലയില്‍ സംഭവിച്ചത്. വ്യാപാരത്തിന്റെ വരുമാനം മാത്രം ആശ്രയിച്ചു കഴിഞ്ഞ ഒട്ടേറെ ആളുകള്‍ വന്‍ പ്രതിസന്ധിയാണ് നേരിട്ടത്.
ഒട്ടേറെ ചെറുകിട കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും ഇപ്പോള്‍ ഡാമിനടുത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കോവിഡ് വ്യാപനത്തിനു മുന്‍പുള്ളതു പോലെ കച്ചവടമില്ലെങ്കിലും ചെറിയ തോതിലെങ്കിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചത് ഇവര്‍ക്ക് വന്‍ ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ മാസം 15-നാണ് ഡാം ടൂറിസം കേന്ദ്രം തുറന്നത്.
നിലവില്‍ അര ലക്ഷത്തോളം വിനോദ സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശിക്കുകയും 55 ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുകയും ചെയ്തു. കോവിഡ് വ്യാപനം കുറയുന്നതോടെ കച്ചവട മേഖലയില്‍ കൂടുതല്‍ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha























