വാച്ചില്‍ സമയം ഏഴ്; ആരുടെ ഭാഗത്തും തെറ്റില്ല; മന്ത്രി നേരത്തെ വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍; അനില്‍ അക്കര എം.എല്‍.എയുടെ ആരോപണങ്ങള്‍ തള്ളി
മന്ത്രി എ.സി മൊയ്തിന് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് വോട്ട് ചെയ്ത സംഭവത്തില്‍ ആര്‍ക്കും പിഴവുണ്ടായിട്ടില്ലന്ന് ജില്ലാ കളക്ടര്‍. ആരോപണം അടിസ്ഥാനരഹിതമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. മന്ത്രി വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ 7 മണിയായപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല. റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്കി. മന്ത്രി 6.55 ന് വോട്ട് ചെയ്തെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.
തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീന് വോട്ട് രേഖപ്പെടുത്താനെത്തിയത്. സ്ഥിരമായി തെരഞ്ഞെടുപ്പില്‍ തന്റെ ബൂത്തിലെ ആദ്യ വോട്ടറായി മന്ത്രി മാറാറുണ്ട്. ഇത്തവണയും ആദ്യം വോട്ട് രേഖപ്പെടുത്താന്‍ മന്ത്രി മൊയ്തീന് ക്യൂവിലുണ്ടായിരുന്നു. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം പോളിങ് ഉദ്യോഗസ്ഥര്‍ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തില്‍ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷെ പോളിങ് തുടങ്ങേണ്ട ഏഴ് മണിക്ക് പിന്നെയും മിനിറ്റുകള്‍ ബാക്കിയുണ്ടായിരുന്നു എന്ന് ആക്ഷേപം ഉയര്‍ന്നു.
എന്നാല്‍ ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജന്റുമാരോ മറ്റാരെങ്കിലുമോ ഇതില്‍ ഏതെങ്കിലും തരത്തില്‍ എതിര്‍പ്പറിയിച്ചില്ല. മന്ത്രി ബൂത്ത് വിട്ട പോയ ശേഷം ഇക്കാര്യം വാര്‍ത്തയായതോടെ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര മന്ത്രിക്കെതിരെ രംഗത്തെത്തി. മന്ത്രി മൊയ്തീനെതിരെ നടപടി സ്വീകരിക്കണം. 6.55നാണ് പഞ്ചായത്ത് വകുപ്പ് മന്ത്രി തെക്കുംകര കല്ലമ്പാറ ബൂത്തില്‍ വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha